ഒ.എന്‍.വി കുറുപ്പിന് ജ്ഞാനപീഠം എന്ന വാര്‍ത്ത കേട്ടപ്പോള്‍ പത്തിരുപത്തഞ്ചു വര്‍ഷമായി പൊടിപിടിച്ചു കിടന്ന പഴയൊരു പുസ്തകത്തിന്റെ താളുകള്‍ ഇളകുന്നതുപോലെ തോന്നി. ജീവിതത്തിന്റെ പുസ്തകം. ഇരുപതിലേറെ വര്‍ഷങ്ങള്‍. അക്കാലത്ത് കവിതകള്‍ മന:പാഠം പഠിക്കാമായിരുന്നു. കഥകള്‍ വീണ്ടും വീണ്ടും വായിക്കാമായിരുന്നു. പത്രങ്ങളില്‍ വരുന്നതു കണ്ണുമടച്ചു വിശ്വസിക്കാമായിരുന്നു. പച്ചവെള്ളം തിളപ്പിക്കാതെ കുടിക്കുകയും ചെരിപ്പിടാതെ നടക്കുകയും ചെയ്യാമായിരുന്നു. അക്കാലം ഭൂമിക്കു മൊത്തമായി ഒരു നിഷ്കളങ്കതയുണ്ടായിരുന്നു. നിഷ്കളങ്കതയെപ്പറ്റിയുള്ള നഷ്ടബോധത്തെയായിരിക്കാം, ഇംഗ്ലീഷില്‍ നൊസ്റ്റാള്‍ജിയ എന്നു വിളിക്കുന്നത്. കവിതകളുടെ വരികള്‍ പകര്‍ത്തി അയയ്ക്കാന്‍ ആരുമില്ലാതായ കാലത്ത് കവിതാ വായന, വായന മാത്രമായിത്തീര്‍ന്നു. മന:പാഠം പഠിക്കാനുള്ള കഴിവും കയ്യക്ഷരവും കൈമോശം വന്നു. മൊത്തത്തില്‍ ഹൃദയത്തെ ജരാനര ബാധിച്ചു.
സ്കൂള്‍ ആനിവേഴ്സറിക്കു സമ്മാനമായി കിട്ടിയിരുന്നതു പുസ്തകങ്ങളാണ്. വൈലോപ്പിള്ളിയുടെ കന്നിക്കൊയ്ത്ത്. ഒ.എന്‍.വിയുടെ ഉപ്പ്, കറുത്ത പക്ഷിയുടെ പാട്ട്, എസ്. രമേശന് നായരുടെ മല്‍സ്യഗന്ധി.സുഗതകുമാരിയുടെ കവിതകള്‍ കിട്ടുന്നതു വളരെ പിന്നീടാണ്. കവി ആരായാലും കവിത മന:പാഠമായ ദിവസങ്ങള്‍. റോബര്‍ട്ട് ഫ്രോസ്റ്റിന്റെ രചനാരീതിയാണ് ഒ.എന്‍.വിക്ക് എന്നായിരുന്നു കുട്ടിക്കാലത്തെ നിരീക്ഷണം. ലളിതമായ ഒരു സന്ദര്‍ഭം വിവരിച്ചിട്ട് അവസാനത്തെ നാലു വരിയില്‍ ഒരു തത്വം പ്രഖ്യാപിക്കുക.
അഗ്നിയാണെന്‍ ദേവത, അഗ്നിയുണ്ടെന്‍ നെഞ്ചിലെന്‍
അസ്ഥിയില്‍, ജഠരത്തില്‍, നാഭിയില്‍, സിരകളില്‍ ...
എന്നു തുടങ്ങി
അഗ്നിയെന്നിലെയഗ്നി, എന്‍ മൃതിയിലുമെന്റെ
അക്ഷരങ്ങളിലുണ്ടാം, കടഞ്ഞാലതും കത്തും ...
എന്ന് അവസാനിപ്പിക്കുന്ന രീതി.
കണ്ടു ഞാന്‍ ചിറകാര്‍ന്ന മൃതിയെ, യതിന് നിറം
പണ്ടാരോ പറഞ്ഞതു കറുപ്പെന്നത്രേ കള്ളം
എന്ന വരികളുള്ള കാത്തിരിക്കുന്ന പൊന്മ എന്ന കവിതയുടെ സ്വാധീനത്തില്‍ പ്രീഡിഗ്രിക്കാലത്തു ഞാനൊരു കഥയുമെഴുതി - കറുത്ത പൊന്‍മയെക്കാത്ത്...
ഒ.എന്‍.വിയെ നേരില്‍ക്കണ്ടതും കേട്ടതും പ്രീഡിഗ്രിക്കാലത്തുതന്നെ. ശാസ്താംകോട്ടയില്‍ നടത്തിയ കവിയരങ്ങില്‍. ഉണരുണരുകീയുഷ്ണ ശയ്യയില്‍ നിദാഘ ശരശയ്യയില്‍ മയങ്ങും തടാകകന്യേ എന്നു തുടങ്ങുന്ന 'പിന്‍വിളി'. മരിച്ചുകൊണ്ടിരിക്കുന്ന ശാസ്താംകോട്ട കായലിനെക്കുറിച്ചാണ് കവിതയെന്ന് അദ്ദേഹം പറഞ്ഞു. ചൊല്ലിക്കേട്ടപ്പോള്ത്തന്നെ പല വരികളും മന:പാഠമായി.
എവിടെ നിന് വെള്ളപ്പളുങ്കു പൂത്തട്ടുകളില് മൊട്ടിട്ട സപ്തവര്ണങ്ങള്,
എവിടെ നിന് ചൊടികളില്‍ പകലിനഭിവന്ദനം പറയുന്നൊരുദയ മന്ത്രങ്ങള്‍?
എവിടെ നീലാഭ്രമൊരു പീലിത്തഴപ്പുപോല് നിഴലിടും നിന് ദര്‍പ്പണങ്ങള്‍?
എവിടെ വെയിലും നിലാവും മുടിയഴിച്ചിട്ടു മുങ്ങും സുതാര്യ ഹ്രദങ്ങള്‍...
ഇക്കഴിഞ്ഞ വേനലില്‍ ഏക്കറുകളോളം വറ്റിപ്പോയ കായല്‍ കണ്ടപ്പോള്‍ ആ ദിവസമാണ് ഓര്‍മയില്‍ തെളിഞ്ഞത്. സ്കൂള്‍ വളപ്പിലെ സ്റ്റേജ്, അന്നുവരെ പത്രത്താളുകളില്‍ മാത്രം കണ്ടിട്ടുള്ള കവികള്‍, കവിത ചൊല്ലുന്ന ഒ.എന്‍.വി. എന്ന കവി.
വിഫല തരുണാരുണ സ്വപ്നമേ, സന്തപ്ത
ഹൃദയബാഷ്പത്തിന് തടാകമേ, നീയിന്നു
ചിതല് തിന്ന കവിതയുടെയേടുകളായ് മണല്‍
വിരികളില്‍ വീണു ചിതറുന്നു...
രണ്ടായിരത്തിനാലില്‍, യുവ എഴുത്തുകാരികള്‍ക്കുള്ള ലളിതാംബിക അന്തര്‍ജ്ജനം പുരസ്കാരം അറിയിക്കാന്‍ അദ്ദേഹം വിളിച്ചു. അവാര്‍ഡിനേക്കാള്‍ സന്തോഷിപ്പിച്ചത് ഫോണിലൂടെ കേട്ട ആ ശബ്ദമാണ്. അദ്ദേഹത്തെ അടുത്തു പരിചയപ്പെടാന്‍ അവസരമുണ്ടായിട്ടില്ല. മൂന്നോ നാലോ തവണ അഞ്ചു മിനിറ്റിലേറെ നീളാത്ത കൂടിക്കാഴ്ച മാത്രം. എങ്കിലും അടുത്താകട്ടെ, അകലെയാകട്ടെ, കാണുമ്പോഴൊക്കെ കവിതവായനക്കാലമുണരും. ഡിഗ്രിക്കാലം. വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലില്‍ താമസം. അന്നു ഹോസ്റ്റലില്‍ ഒപ്പമുണ്ടായിരുന്ന ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന മലയാളമറിയാത്ത നൂര്ജഹാന് എന്ന നിമ്മിച്ചേച്ചിയുടെ സൗഹൃദം. നിമ്മിച്ചേച്ചിക്കു മലയാള കഥകളും കവിതകളും വായിച്ചു വിശദീകരിച്ചു കൊടുക്കുകയായിരുന്നു അക്കാലത്തെ ഏറ്റവും രസകരമായ ജോലി. ഒന്നു രണ്ടു കവിതകള്‍ വായിച്ചു കഴിയുമ്പോള്‍ ഒക്കെ ഞാനെഴുതിയതാണെന്നു തോന്നും. ഇതൊക്കെ ഇവരൊക്കെ നേരത്തെതന്നെ എഴുതിക്കളഞ്ഞല്ലോ എന്നു പരിഭവം തോന്നും. ഓരോ വാക്കിനെക്കുറിച്ചും ഒരു പൊസസീവ്നെസ് വരും. ഒ.എന്‍.വിക്കവിതകളായിരുന്നു നിമ്മിച്ചേച്ചിക്ക് താല്പര്യം. അങ്ങനെ അദ്ദേഹത്തിന്റെ അന്നുവരെയിറങ്ങിയ എല്ലാ കവിതകളും എനിക്കു മന:പാഠമായി. അതിന്റെ പരിണത ഫലം, കൊച്ചു വര്‍ത്തമാനത്തിനിടയില്‍ 'ഞാന്‍ അങ്ങനെ നിനച്ചു പോയി,' 'പാതയോരത്തുനിന്നു വാങ്ങി', ' പൈപ്പില്‍ പ്രവാഹം ഇല്ല 'എന്നൊക്കെ നിമ്മിച്ചേച്ചി ആത്മാര്‍ഥമായി പ്രയോഗിച്ചു തുടങ്ങിയതാണ്. നിമ്മിച്ചേച്ചിക്കു വേണ്ടി ഒ.എന്‍.വിയുടെ എനിക്കേറ്റവുമിഷ്ടപ്പെട്ട ഗാനങ്ങളും സമാഹരിച്ചു. കൊല്ലം ചിന്നക്കടയിലെ ക്ലോക്ക് ടവറിനു താഴെ അന്നുണ്ടായിരുന്ന ചെറിയ കാസറ്റ് കടയില്‍ ചെന്നു ഗാനങ്ങളുടെ ലിസ്റ്റ് കൊടുത്തു. ഞാനാവശ്യപ്പെട്ട ഗാനങ്ങള്‍ ഇവയായിരുന്നു :
1. നിറങ്ങള്‍ തന് നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍...
2. കിളിവാതിലിനരികില്‍ -എന്റെ കിളിവാതിലിനരികില്‍...
3. അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍...
4. നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്നരികില്‍ നിന്നു....
5. ഇന്ദുപുഷ്പം ചൂടി നില്ക്കും രാത്രി...
6. ആ രാത്രി മാഞ്ഞുപോയി...
7. കന്നിപ്പൂങ്കവിളില് തൊട്ടു കടന്നു പോകുവതാരോ...
8. ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന...
9. ചൈത്രം ചായം ചാലിച്ചു, നിന്റെ ചിത്രം വരയ്ക്കുന്നു...
10. വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം ...
11. ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ്...
12. അറിയാത്ത ദൂരത്തിലെങ്ങു നിന്നോ ...
നിമ്മിച്ചേച്ചി ഹൈദരാബാദിലേക്കു സ്ഥലം മാറിപ്പോയപ്പോള്‍ ഞാന്‍ കൊടുത്ത സമ്മാനം ആ കാസറ്റായിരുന്നു. ഞാന്‍ ആവശ്യപ്പെട്ട സ്ഫോടനം എന്ന ചിത്രത്തിലെ ഗാനം മാത്രം കടക്കാരന് കിട്ടിയില്ല.
കാര്‍കുഴലില്‍ പൂവു ചൂടിയ കറുത്ത പെണ്ണേ,
വാര്‍തിങ്കള്‍ പൂവു ചൂടിയ കറുത്ത പെണ്ണേ,
ഇതിലേ വാ, തോണി തുഴഞ്ഞിതിലേ വാ,
ഇവിടത്തെ കടവത്തെ കൈത പൂത്തു...
-എന്ന വരികളുള്ള ആ പാട്ടു കേള്‍ക്കാന്‍ എനിക്കിപ്പോഴും ആഗ്രഹം തോന്നാറുണ്ട്. ടിവിയില്‍ സാധാരണ കേള്‍ക്കാത്ത പാട്ടുകളിലൊന്ന് ഇന്നും ഏറ്റവുമിഷ്ടപ്പെട്ട ഗാനങ്ങള്‍ തിരഞ്ഞെടുത്താല്‍ ഈ ഗാനങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു സാധിക്കുകയില്ല. ഒരുപക്ഷേ ഒ.എന്‍.വിയുടെ പഴയ കുറേ ഗാനങ്ങള്‍കൂടി ആ പട്ടികയില്‍ സ്ഥാനം പിടിച്ചെന്നും വരും. എന്തുകൊണ്ടാണ്, പുതുതലമുറയില്‍നിന്ന് അത്തരം കവിതകളും ഗാനങ്ങളും ഉണ്ടാകാത്തത്? വായനക്കാര്‍ക്കും ശ്രോതാക്കള്‍ക്കു വയസ്സായതുകൊണ്ടാകുമോ? അതോ, തൊണ്ണൂറുകള്‍ക്കു ശേഷം കവികള്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ അപചയമുണ്ടായിട്ടുണ്ടോ? അടിയന്തരാവസ്ഥ എഴുത്തുകാരെയും കലാകാരന്മാരെയും ഊതിക്കത്തിക്കുകയാണു ചെയ്തതെങ്കില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച നമ്മളെയൊക്കെ കെടുത്തിക്കളയുകയായിരുന്നോ? ചരിത്രത്തിന്റെ ഏത് ഉരുള്‍പൊട്ടലിലാണ് മലയാളിയുടെ ധിഷണാലോകം ഫോസിലൈസേഷന് ആരംഭിച്ചത്? ഒ.എന്‍.വിക്കു ജ്ഞാനപീഠം കിട്ടുമ്പോള്‍ മലയാള കവിതയെത്ര മാറിപ്പോയി. രണ്ടായിരത്തിയൊന്നില്‍ അദ്ദേഹം എഴുതിയ പാവം കുയില്‍ എന്ന കവിത തന്നെക്കുറിച്ചു തന്നെയാകണം:
പുഴുക്കുത്തേല്ക്കാത്തൊരു പൂപോലുമില്ലാക്കാലം!
ഉറക്കുത്തേല്ക്കാത്തൊരു ധാന്യവുമില്ലാക്കാലം!
കാലത്തെയറിയാത്ത കുയിലേ, നീയെന്തിനെ-
ന്നാളുമിങ്ങനെ നീട്ടിക്കുറുക്കിപ്പാടീടുന്നു?
മറ്റൊരു വിധം പാടാനിറിയില്ലാവില്ലെന്നൊ
രുത്തരം പറയുംപോല്‍ കുയില്‍ പാടുന്നൂ വീണ്ടും !
കവിത മാറ്റി വച്ചു കവിയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ എന്നെ അദ്ഭുതപ്പെടുത്തുന്നത് മറ്റൊന്നാണ്. ഇത്രയേറെ നിഷ്ഠാബദ്ധനായൊരാള് എങ്ങനെ കവിയായി തുടരുന്നു? വേഷത്തിലോ ശബ്ദത്തിലോ വാക്കുകളിലോ അലങ്കോലങ്ങളില്ല. മുഷിഞ്ഞ വസ്ത്രത്തോടെയോ മദ്യപിച്ചുന്മത്തനായ സ്ഥിതിയിലോ അദ്ദേഹത്തെ സങ്കല്‍പ്പിക്കുക അസാധ്യം. കവിയുടേതല്ല, അധ്യാപകന്റേതാണ് അദ്ദേഹത്തിന്റെ പ്രതിച്ഛായ. അന്തസ്സാണ് തന്റെ അന്ത:സത്ത എന്നു പ്രഖ്യാപിക്കുന്ന ഇരിപ്പും നടപ്പും ഉച്ചാരണവും. ഏറ്റവും കൂടുതല്‍ ഇംഗ്ലീഷ് സംസാരിക്കുന്ന മലയാളം അധ്യാപകനും ഒരുപക്ഷേ അദ്ദേഹമായിരിക്കണം. ജ്ഞാനപീഠം പ്രഖ്യാപിച്ചപ്പോള്‍ വളരെ അകലെ നിന്നു പോലും പഴയ വിദ്യാര്‍ഥികള്‍ വിളിച്ച് സന്തോഷത്തോടെ കരയുകയായിരുന്നു എന്ന് അദ്ദേഹം ഇന്റര്‍വ്യൂവില്‍ പറഞ്ഞു കേട്ടു. അദ്ഭുതമില്ല. വിദ്യാര്‍ഥികളില്‍ അദ്ദേഹം ഏല്‍പ്പിച്ച പ്രഭാവം അത്രയേറെയുണ്ട്. ഒ.എന്‍.വിയുടെ ശിഷ്യനാണു കവി വി. മധുസൂദനന്‍നായര്‍. ഒരിക്കല്‍, ഞങ്ങളോട് അതിഗൗരവത്തില്‍ സംസാരിച്ചു കൊണ്ടിരിക്കെ, മധു സാര്‍, ഒ.എന്‍.വി. സാറിന്റെ ഫോണ്‍കോള്‍ വന്നപ്പോള്‍ സ്വയമറിയാതെ എഴുന്നേറ്റു നിന്നു വിനയാന്വിതനായതു മറക്കാന്‍ കഴിയില്ല. ഈ പ്രായത്തിലും മധു സാര്‍ ഒ.എന്‍.വി. സാറിനു മുന്നില്‍ വിദ്യാര്ഥിയായിത്തീരുന്ന കാഴ്ച കൗതുകകരമാണ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ അഞ്ചു വര്‍ഷം തുടര്‍ച്ചയായി ഒ.എന്‍.വിയുടെ ശിഷ്യനായിരുന്നു കഥാകൃത്ത് ഡോ. എസ്.വി. വേണുഗോപന്‍നായര്‍. അറുപതുകളില്‍, ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസിലാണ് ഒ.എന്‍.വി. സാര്‍ അദ്ദേഹത്തിന്റെ അധ്യാപകനായത്. അറുപതുകളില്‍ യൂണിവേഴ്സിറ്റി കോളജിനു സമീപത്തെ വാടകവീട്ടില്‍ നിന്നു കൃത്യസമയത്തു ക്ലാസിലെത്തുന്ന യുവാവായ അധ്യാപകനെ സങ്കല്‍പ്പിക്കുക രസകരമാണ്. വിപ്ലവകവിയായി പേരെടുത്തു കഴിഞ്ഞിരിക്കുന്നു. വിസ്മയത്തോടെ സ്വീകരിക്കപ്പെടുകയും ക്രമേണ വിസ്മയവും അപരിചിതത്വവും മാഞ്ഞു പോകുകയും ചെയ്യുകയാണു മിക്കവാറും അധ്യാപകരുടെ കാര്യത്തില്‍ സംഭവിക്കുന്നത്. പോകെപ്പോകെ, ഓ, ഇയാള്‍ ഇത്രയേയുള്ളോ എന്നു വിദ്യാര്‍ഥികള്‍ക്കു തോന്നിയെന്നും വരാം. പക്ഷേ നാടക, സിനിമാപ്പാട്ട് കക്ഷിയെന്ന മുന്‍വിധിയോടെ ഒ.എന്‍.വിയുടെ ക്ലാസിലിരിക്കാന്‍ ഒരു വിദ്യാര്‍ഥിക്കും കഴിഞ്ഞിട്ടില്ല. അതാണ് ഒ.എന്‍.വി.കുറുപ്പ് എന്ന അധ്യാപകന്റെ സവിശേഷത. പ്രിന്‍സിപ്പലായി റിട്ടയര്‍ ചെയ്യുകയും സാഹിത്യ സദസ്സുകളില്‍ അടുത്തിടപഴകുകയും ചെയ്തിട്ടും പതിറ്റാണ്ടുകള്‍ക്കു ശേഷവും വേണു സാറിനെപ്പോലെയുള്ള ശിഷ്യര്‍ക്കു പോലും അധൃഷ്യത എന്ന ഗുണത്തിന്റെ മൂര്‍ത്തരൂപമായി അദ്ദേഹം തുടരുന്നതിന്റെ രഹസ്യമെന്താവാം? ഒ.എന്‍.വി. ക്ലാസിനെക്കുറിച്ചു വര്‍ണിക്കാന്‍ ഒ.എന്‍.വിക്കവിതയിലെ തന്നെ ''ഇന്നതിന് ധൂപസുഗന്ധമാണോര്മകള് '' എന്ന വരികളാണ് വേണുസാര്‍ ഉദ്ധരിക്കാറ്. വേണുസാറിന്റെ വിവരണം ഇങ്ങനെ :
ക്ലാസില്‍ ഒ.എന്‍.വി സാര്‍ വന്നു കയറിക്കഴിഞ്ഞാല്‍ ഒരു കത്തിപ്പടരലാണ്. വാചാടോപമില്ല. വളരെ ഗൗരവത്തില്‍ മനോഹരമായി വിഷയം അവതരിപ്പിക്കും. ശബ്ദമുണ്ടാക്കാനോ തമാശ പറയാനോ ഏറ്റവും ചട്ടമ്പികളായ വിദ്യാര്‍ഥികള്‍ പോലും ധൈര്യപ്പെടുകയില്ല. എന്നെക്കാള്‍ വളരെ സീനിയര്‍ ആയ പദ്മകുമാരി ടീച്ചര്‍ പറയാറുണ്ട് - 'നമുക്ക് ആരോടും എന്തും പറയാം. എന്‍. കൃഷ്ണപിള്ള സാറിനോടു പോലും. പക്ഷേ, ഒ.എന്‍.വി. സാറിനോട് വളരെ ആലോചിച്ചേ സംസാരിക്കാന്‍ കഴിയൂ.' ആദ്യ ക്ലാസില്‍ വിദ്യാര്‍ഥികളുടെ മനസ്സിലുണര്‍ത്തുന്ന അതേ വിചാരങ്ങള്‍ അവസാന ക്ലാസ് വരെ നിലനിര്‍ത്താന്‍ കഴിയുന്ന അധ്യാപകര്‍ അദ്ദേഹത്തെപ്പോലെ അധികം പേരില്ല. മറ്റാരെങ്കിലും പഠിപ്പിച്ചാല്‍ വളരെ വിരസമാകാവുന്ന പാഠഭാഗങ്ങള്‍പോലും അതിമനോഹരമായി അദ്ദേഹം പഠിപ്പിച്ചിരുന്നു. ക്ലാസില്‍ വച്ചു സംശയം ചോദിക്കാന്‍ പോലും ഞങ്ങള്‍ ധൈര്യപ്പെട്ടിരുന്നില്ല.
ഒന്നാം വര്‍ഷ എം.എയ്ക്ക് ഒ.എന്‍.വി സാര്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നത് പ്രാചീന മണിപ്രവാളമാണ്. അതില്‍ ചന്ദ്രോല്‍സവം നിറയെ അശ്ലീലമാണ്. ചന്ദ്രോല്സവത്തിന് അഭിസാരികകള്‍ അണിഞ്ഞൊരുങ്ങിയെത്തുന്നതു വിവരിക്കുന്ന കാവ്യത്തിലെ ബിംബങ്ങളും കല്പനകളും മനോഹരമാണെങ്കിലും സംഭവം സഭ്യതയുടെ സീമകള്‍ ലംഘിക്കുന്നതാണ്. അത്തരം വര്‍ണനകള്‍ പഠിപ്പിക്കുമ്പോഴും ഒ.എന്‍.വി സാറിന്റെ ഗൗരവം കുറയുകയില്ല. എങ്കിലും അതിനു മുമ്പ് സാറൊന്നു ചെറുതായി ചിരിക്കും. ചിരിക്കുമ്പോള്‍ ഒരു പ്രത്യേകത, സാറിന്റെ രണ്ടു കണ്ണും നിറയും. അദ്ദേഹം ചിരിക്കുകയും ഒപ്പം കണ്ണുനിറയുകയും ചെയ്താല്‍ ഞങ്ങള്‍ക്കറിയാം, വരാന്‍ പോകുന്നതു കഠിനമായതെന്തോ ആണ്...
എം.എ. ക്ലാസില്‍ ഞങ്ങള്‍ പത്തുപതിനഞ്ചു പേരേയുള്ളൂ. അപ്പോഴും അധൃഷ്യത അങ്ങനെ തന്നെയുണ്ട്. എന്തുകൊണ്ടു 'സാറിനോടു നാലു വാചകം അടിച്ചു കൂടാ' എന്നു തോന്നാം. പക്ഷേ, പറ്റില്ല. അരുതെന്നു സാറു വിലക്കിയിട്ടില്ല. പക്ഷേ സാധിക്കുകയില്ല. എങ്കിലും ക്ലാസിലെ ഓരോ വിദ്യാര്‍ഥിയെയും അളന്നു തൂക്കി മനസ്സിലാക്കിയിട്ടുണ്ടെന്ന് പിന്നീട് എനിക്കു മനസ്സിലായി. എന്റെ മഹാഭാഗ്യമെന്നു പറയുന്നത്, ഞാന്‍ പഠിക്കുമ്പോള്‍ മലയാളം ഡിപ്പാര്‍ട്ട്മെന്റില്‍ എന്‍. കൃഷ്ണപിള്ള, ഒ.എന്‍.വി. തിരുനല്ലൂര്‍, കെ.എഫ്. ദാനിയല്‍, പാലാ ഗോപാലന് നായര്‍, ആനന്ദക്കുട്ടന് എന്നിവരും ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റില്‍ ജി. കുമാരപിള്ള, ഡോ. അയ്യപ്പപ്പണിക്കര്‍, ഹൃദയകുമാരി, ഇന്ദൂചൂഡന്, ഇ.പി. നാരായണപിള്ള, ശ്രീനിവാസന് തുടങ്ങിയവരുമായിരുന്നു അധ്യാപകര്‍. ഒരാളും മറ്റെയാളെ ഇകഴ്ത്തുന്ന പതിവുണ്ടായിരുന്നില്ല . എല്ലാവരും പരസ്പരം ബഹുമാനിച്ചിരുന്നു. ഞങ്ങള്‍ക്കു പിന്നാലെ വന്ന ബാച്ചുകളിലൊന്നില്‍, ദാനിയല്‍ സാറിന്റെ പുസ്തകത്തില്‍ ഒ.എന്‍.വി സാറിനെ വിമര്‍ശിക്കുന്ന ഭാഗം പഠിക്കാനുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. അതിനെപ്പറ്റി ഏതോ വിദ്യാര്‍ഥി ഒ.എന്‍.വി.സാറിനോടു ചോദിച്ചപ്പോള്‍, ദാനിയല്‍ സാറിന് കവിതയെക്കുറിച്ച് അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടുണ്ടാവും എന്നായിരുന്നു ഒ.എന്‍.വി സാറിന്റെ മറുപടി...
വേണു സാറിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ ചിന്തിച്ചത് മറ്റൊന്നാണ് :
പ്രഭാത മണിരഥമെവിടെ, എവിടെ? പ്രകാശസാരഥിയെവിടെ?
മനസ്സില്‍ വാഴും നിഷാദനെയ്തൊരു മാന്കിടാവുകളെവിടെ ...
എന്ന വരികളൊക്കെ (കത്തി എന്ന സിനിമയ്ക്കു വേണ്ടി എഴുതിയ ബോധി വൃക്ഷദലങ്ങള് കരിഞ്ഞു ബോധനിലാവു മറഞ്ഞു എന്ന ഗാനത്തിലെ) എഴുതിയ കവിയായി ഈ ഗൗരവക്കാരനായ അധ്യാപകന് എങ്ങനെയാണ് ആള്‍മാറാട്ടം നടത്തുന്നത്?
കമ്യൂണിസത്തിനു കേരളത്തിനു വേരു പടര്‍ന്നു തുടങ്ങിയ കാലത്തുതന്നെ അതിന്റെ സഹയാത്രികനായിരുന്നു അദ്ദേഹം. 1949ലെ മധ്യവേനലവധിക്കാലത്ത്, വെയില് വെട്ടിത്തിളയ്ക്കുന്ന ഒരു നട്ടുച്ചയ്ക്ക് അന്ന് ഒളിവില്‍ക്കഴിയുകയായിരുന്ന ശങ്കരനാരായണന്‍തമ്പിയും തോപ്പില്‍ ഭാസിയും തന്റെ തറവാട്ടുമുറ്റത്ത് എത്തിയതിനെക്കുറിച്ച് ഒ.എന്‍.വി. ഇങ്ങനെ എഴുതി :
'' ചവറയിലെയും തേവലക്കരയിലെയും ഉള്‍നാടന്‍ വഴികളില്‍ എത്രയെത്ര ഉറക്കമില്ലാത്ത രാവുകളില്‍ യു.ജി( അണ്ടര്‍ഗ്രൗണ്ട് പ്രവര്ത്തകന് ) യായ തമ്പിസാറിനെയും കൊണ്ട് ഞാന്‍ ഞാന്‍ - അല്ല, എന്നെയും കൊണ്ടു തമ്പി സാര്‍ എന്നു വേണം പറയാന്‍ - സഞ്ചരിച്ചിരിക്കുന്നു. തിരുത്തിപ്പറഞ്ഞതിനു കാരണമുണ്ട്. സൈക്കിളോടിക്കാന്‍ ശീലിച്ചിട്ടില്ലാത്ത ഞാന്‍ സാറിനൊരു ഭാരമായി പിറകിലിരിക്കുകയായിരുന്നു പതിവ്. സാറിനു പരിചയമില്ലാത്ത നാട്ടിടവഴികളിലൂടെ എന്നെയും പിറകിലിരുത്തി ഷെല്ട്ടറില്നിന്നു ഷെല്‍ട്ടറിലേക്കുള്ള നീണ്ട യാത്രയ്ക്കിടയില്‍ ചിലപ്പോള്‍ ചില ഇടവേളകളുണ്ടാകും. വാതത്തിന്റെ ഉപദ്രവം മൂലം കാല്‍മുട്ടുകള്‍ വേദനിച്ചിട്ട് ഇനി നടക്കാനും വയ്യ, സൈക്കിളോടിക്കാനും വയ്യ എന്ന അവസ്ഥയില്‍ വല്ല നിഴല്‍പ്പാടിലും ചടഞ്ഞിരിക്കേണ്ടുന്ന ഇടവേള. അപ്പോഴാണു തന്റെ ചെല്ലം തുറന്ന് മുറുക്കാനെടുക്കുംപോലെ അദ്ദേഹം കഥകളുടെയും കവിതാശകലങ്ങളുടെയും പൊതിയഴിക്കുന്നത്.. ''
- അക്കാലത്തെ എത്രയെത്ര അനുഭവങ്ങള്‍ ഇപ്പോഴും കവിതയിലും മനസ്സിലും ഒ.എന്‍.വി. അധൃഷ്യതയോടെ സൂക്ഷിക്കുന്നുണ്ടാകണം. വിപ്ലവകവിയില്നിന്നു ഗൃഹസ്ഥകവിയായി പരിണമിച്ചപ്പോഴും ശാര്ങ്ഗകപ്പക്ഷികളും ചോറൂണും നിളാതീരത്തു വീണ്ടും അപര്‍ണയും എഴുതി ആര്‍ദ്രതയും താരള്യവും മറ്റേതു കവിയെയും അതിശയിപ്പിക്കും വിധം പകര്‍ന്നു തന്നു. കാല്പനിക ഭംഗിയുള്ള കവിതകളും ഐശ്വര്യമുള്ള സ്ത്രീകളും പോയകാലത്തിന്റെ സൗഭാഗ്യങ്ങളാണെന്ന് ഓര്‍മിക്കുന്നത് ഒ.എന്‍.വി. സാറിനെ പത്നീസമേതനായി കാണുമ്പോഴാണ്. മാണിക്യവീണയുമായെന്‍ മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളേ എന്ന വരികള്‍ അദ്ദേഹം ഭാര്യയ്ക്കു വേണ്ടിത്തന്നെ എഴുതിയതാകണം. ഒരു ചെറിയ കാര്യത്തില്‍ തീരുമാനമെടുക്കണമെങ്കിലും ഒ.എന്‍. വി. സാര്‍ ഭാര്യയെ വിളിക്കുമെന്ന കഥ ഞാന്‍ കണ്ണടച്ചു വിശ്വസിക്കും. ഒരേ കുടക്കീഴില് ഇരുവരും ജോഡിപ്പൊരുത്തത്തോടെ ജോലിക്കു പുറപ്പെടുന്ന ചിത്രം ആരോ വാക്കുകളാല്‍ മനസ്സില്‍ വരഞ്ഞിട്ടുണ്ട്. ധനുവച്ചപുരം എന്‍.എസ്. കോളജില്‍ ഒരു മീറ്റിങ്ങില്‍ പങ്കെടുത്തിട്ടുള്ള മടക്കയാത്രയെക്കുറിച്ച് ഒരു കഥ ഇങ്ങനെ : യൂണിവേഴ്സിറ്റി ലൈബ്രറിയുടെ അടുത്തെത്തിയപ്പോള്‍ ഒ.എന്‍.വി. സാര്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. നോ പാര്‍ക്കിങ് ഏരിയയായതു കൊണ്ട് ഡ്രൈവര്‍ നിര്‍ത്തിയില്ല. ഒ.എന്‍.വി. സാര്‍ ക്ഷുഭിതനായി. കാര്‍ നിര്‍ത്തിയതും അദ്ദേഹം ചാടിയിറങ്ങി പിന്നിലേക്ക് ഒറ്റപ്പോക്ക്. കാറിലുണ്ടായിരുന്ന മറ്റു പ്രസംഗകര്‍ നോക്കുമ്പോള്‍ ഭാര്യയോടു സംസാരിച്ചു നടന്നു വരികയാണ് ഒ.എന്‍.വി. ജോലി കഴിഞ്ഞു വീട്ടിലേക്കു നടക്കുകയായിരുന്ന ഭാര്യയെ കണ്ട് ചാടിയിറങ്ങിയതാണ് എന്ന് അപ്പോഴേ മറ്റുള്ളവര്‍ക്കു വ്യക്തമായുള്ളൂ. ബാക്കി ദൂരം അദ്ദേഹം ഭാര്യയോടൊപ്പം നടന്നു പോയി.
ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
എന്നോമലുറക്കമായ്, ഉണര്‍ത്തരുതേ..
ഒന്നിനി തിരി താഴ്ത്തൂ, ശാരദ നിലാവേ
ഈ കണ്ണിലെ കിനാവുകള്‍ കെടുത്തരുതേ..
- എന്ന വരികളിലെ അതേ താരള്യം !
ഒ.എന്‍.വി കുറുപ്പ് എന്ന വ്യക്തിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം കുടുംബം തന്നെയായിരിക്കും. വിശേഷിച്ചും കൊച്ചുമകള്‍ അപര്‍ണ. ഒരു ചാനലിലെ പ്രൊഡ്യൂസറായ സുഹൃത്ത് വിവരിച്ച സംഭവമുണ്ട്. ചാനലിലേക്ക് പല പരിപാടികള്‍ക്കും ഒ.എന്‍.വി. സാറിനെ ക്ഷണിക്കും. അദ്ദേഹം കേട്ടപാടെ നിരസിക്കും. അവസാനം, ദേവരാജന്‍ മാസ്റ്ററുടെ ഓര്മ ദിനത്തിലെ പരിപാടിക്ക് പ്രൊഡ്യൂസര്‍ ഒരു പൊടിക്കൈ പ്രയോഗിച്ചു.- സാറിനെ ഞാന്‍ ക്ഷണിക്കുന്നില്ല. പക്ഷേ, സാറെഴുതി ദേവരാജന്‍ മാഷ് ട്യൂണ്‍ ചെയ്ത ഗാനങ്ങള്‍ അപര്‍ണ പാടിയാല്‍ നന്നായിരിക്കും. അതുകൊണ്ട് അപര്‍ണയെ പങ്കെടുപ്പിക്കാമോ? ഒ.എന്‍.വി സാര്‍ ഒരു മാത്ര നിശ്ശബ്ദനായത്രേ: അപര്‍ണയെ കൊണ്ടുവരാന്‍ രാജീവ് ഇവിടെയില്ല. സാരമില്ല, ഞാനും വരാം. അനാരോഗ്യം അവഗണിച്ച് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തു. കുറച്ചു കഴിഞ്ഞ്, എന്നാല്‍ ഇനി എനിക്കു പോകാമല്ലോ എന്നു പറഞ്ഞ് എഴുന്നേറ്റപ്പോള്‍ കുബുദ്ധിയായ പ്രൊഡ്യൂസര്‍ വീണ്ടും ഇടപെട്ടു : സാര്‍, ഈ പരിപാടി അവസാനിപ്പിക്കുന്നതും അപര്‍ണയുടെ പാട്ടോടെയാണ്. പോകാനെഴുന്നേറ്റ ഒ.എന്‍.വി. സാര്‍ വീണ്ടും ഇരുന്നു. അദ്ദേഹം പങ്കെടുത്ത ആ പരിപാടി അവര്‍ രണ്ട് എപ്പിസോഡുകളായി സംപ്രേഷണം ചെയ്യുകയും ചെയ്തു.
ഒരുപക്ഷേ, മലയാളത്തിലെ ഏറ്റവും ഭാഗ്യവതിയായ പേരക്കുട്ടിയായിരിക്കും അപര്‍ണ.
അക്കരെപ്പോകും മുമ്പീ ഭണഭാരത്തില്നിന്നൊ-
രല്പമെങ്കിലുമിളവേകുവാന് ദയാലോലം
കിളി തന് കഴല് താങ്ങാനാവാത്ത പുഷ്പം പോലാം
കിളുന്നു കരം നീട്ടി വന്നൊരീയതിഥിയെ
അപര്ണയെന്നല്ലാതെ മറ്റെന്തു വിളിക്കുവാന്‍
സുപര്ണമായ് നമ്മുടെയീ വംശ വൃക്ഷം വീണ്ടും
-എന്ന് എഴുതാന്‍ മറ്റൊരു മുത്തച്ഛന് മലയാളത്തിലുണ്ടോ?
അടുത്ത ദിവസങ്ങളിലൊന്നില്‍ എന്റെ മകള്‍ അവളുടെ യു.എസ്.ബിയില്‍ കോപ്പി ചെയ്തു വച്ച പാട്ടുകള്‍ കേള്‍ക്കാനിടയായി. അവയിലൊന്ന്, അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. എന്താ ഈ പാട്ട് എന്നു ചോദിച്ചപ്പോള്‍ അവള് പറഞ്ഞു, അതിലെ വരികളും അതിന്റെ ട്യൂണും തമ്മില്‍ എന്തൊരു ചേര്‍ച്ചയാണ്... ആ ഗാനത്തിലെ 'അരികില്‍' എന്ന വാക്കിന് ഈണമിടാന്‍ ദേവരാജന്‍ മാസ്റ്റര്‍ ബുദ്ധിമുട്ടിയ കഥ ഞാന്‍ അവളോടു പറഞ്ഞു. അതെഴുതിയ കവി ഉള്ളിന്റെയുള്ളില്‍ സംഗീതജ്ഞനായിരുന്നു. അതിന് ഈണമിട്ട സംഗീതസംവിധായകന് ഉള്ളിന്റെയുള്ളില്‍ കവിയും. അവരുടെയൊക്കെ കാലം കഴിഞ്ഞുപോയിരിക്കുന്നു.
ഈ ലേഖനം അവസാനിപ്പിക്കാന്‍ ഒ.എന്‍.വിയുടെ സ്വനഗ്രാഹികള്‍ എന്ന കവിതയിലെ ഈ വരികളാണ് നല്ലത് :
...കളിത്തോഴീ, നീയന്നു
നിന് നെഞ്ചു മുള്ളിന്മുനയിലുടക്കീട്ട്
നൊന്തുപാടുന്നൊരു രാപ്പാടിയായ്! നിന്റെ
കണ്ഠമിടറിയെന്നാകിലും പാടി നീ
പണ്ടത്തെയോര്മയുണര്ത്തുമപ്പാട്ടുകള് !
ഓ.എൻ.വിയെക്കുറിച്ച് മനോഹരമായ ഒരു ഓർമ്മകുറിപ്പ്.
ReplyDeleteഓ എന്‍ വി ജീവിക്കുന്ന കാലത്ത് ജീവിക്കാന്‍ പറ്റിയത എന്തൊരു ഭാഗ്യം..വ്യക്തി ജീവിതത്തിലും കാവ്യ ജീവിതത്തിലും ഇത്രയും മാതൃക വളരെ അപൂര്‍വം
ReplyDeleteവളരെ മനോഹരമായിരിക്കുന്നു, പറഞ്ഞതിലൊട്ടും പതിരില്ല.
ReplyDeleteഹൃദ്യമായ ഒരോര്‍മ്മക്കുറിപ്പ്! അദ്ധേഹത്തിന്റെ വ്യക്തിപ്രഭാവത്തെപ്പറ്റി കേട്ടറിവ് മാത്രമേയുള്ളൂ... അദ്ധേഹത്തിന്റെ ശിഷ്യയാവാന്‍ ഭാഗ്യം ലഭിച്ച താങ്കള്‍ക്ക് എന്റെ പ്രണാമം..!
ReplyDelete