Friday, January 21, 2011

പുതിയ രോഗി

ഹോസ്​പിറ്റലില്‍ പുതിയൊ-
രഡ്മിറ്റുണ്ടത്രേ
പേര് ഭൂമിയെന്നാണ് പോലും!
അഡ്രസ്സൊട്ടില്ല താനും.
ബയോഡാറ്റ അന്വേഷിച്ചപ്പോള്‍
അവ്യക്തമായ മറുപടിയും
അമ്മയെന്നോ, ദേവിയെന്നോ, എന്തോ,
ആരുടെ അമ്മ? ഏത് ദേവി?
അമ്മമാര്‍ക്ക് വല്ല 'തൊട്ടിലു'മുണ്ടെങ്കില്‍
അവിടെക്കൊണ്ടാക്കാമായിരുന്നു!
ഡോക്ടര്‍മാര്‍ക്ക് ചൊറിഞ്ഞ് തുടങ്ങി,
സിസ്റ്റര്‍മാര്‍ക്കാണ് വേവലാതി
കോണ്‍ക്രീറ്റ് ചെയ്ത മുറ്റത്ത്
രാവിലെ തന്നെ കണ്ടതാണ്.
മങ്ങിയ പച്ച നിറമുള്ള ചേല
പഴയ മട്ടിലാണ് ഉടുത്തിരുന്നത്
ശരീരം മുഴുവന്‍ മുറിവുകളാണ്,
മുഖത്ത് 'നിള' പോലുള്ള കണ്ണീര്‍പാടും
ഫ്‌ളാറ്റുപോലെ കൈകാലുകള്‍
ഇലക്ട്രിക് കമ്പിപോലുള്ള മുടിയും
ചുമക്കുമ്പോള്‍ കറുത്ത പുക വരുന്നു, പുറത്തേക്ക്
ചുണ്ടുകള്‍, വരണ്ടുണങ്ങി-
പാടത്തിന്റെ ചിത്രമായ്
ഏതോ കമ്പിനി കുപ്പിയിലാക്കിയ
വെള്ളം, ആരോ കൊടുത്തു
എന്നിട്ടും, അമിതമായ ഊഷ്മാവില്‍
അതും ആവിയായിപ്പോയി
ഭാണ്ഡത്തില്‍ ഐഡന്റിറ്റി കാര്‍ഡിനായ്
അന്വേഷിച്ചയാള്‍ നിരാശനായി
'ഇ-വെയ്സ്റ്റുകളല്ലാതെ
അതിലൊന്നുമില്ല!
മക്കളുടെ പീഡനം സഹിക്ക
വയ്യാതെ ഓടിപ്പോന്നതാണത്രേ
മൈലുകള്‍ താണ്ടുമ്പോള്‍ സ്വപ്നക്കുന്നുകള്‍
ജെസീബി കണ്ട് പേടിച്ചു!അവസാനം പോലീസിടപെട്ടു,
സ്‌ട്രെച്ചറില്‍ റൂമിലേക്കാക്കി
ഭൂമിയുടെ ചികിത്സാ ഫണ്ടിനായി
ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടു
ഇഞ്ചക്ഷന്‍ കൊടുത്തു മയക്കിയിട്ടു
ഭൂമി ഏങ്ങലടിച്ചു കരയുന്നു
ആ വിലാപം, പുറത്തടിച്ചു വീശിയ
ഒരു കാറ്റില്‍ ലയിച്ചുചേര്‍ന്നു
ആ കാറ്റാണ്
എനിക്കിതെത്തിച്ചത്
സ്വയം റെക്കോര്‍ഡ് ചെയ്ത്,
നിത്യവും ഞാനിത് കേള്‍ക്കുന്നു...!!!




സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം
കവിതാരചനയില്‍ ഒന്നാംസ്ഥാനവും 'എ'ഗ്രേഡും നേടിയ
ഫാത്തിമ ഷഹനാസിന്റെ കവിത. മലപ്പുറം തിരുക്കാട്
എ.എം.എച്ച്.എസ്.വിദ്യാര്‍ഥിനിയാണ്.
വിഷയം: ഭൂമിയുടെ വിലാപം

Wednesday, January 19, 2011

നന്ദിതയുടെ കവിത

ശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
...കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത്‌ നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക്‌ പടരുന്ന അഗ്നിയുമെന്നോട്‌ പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്‌
ഞാനിനി തിരിച്ചു പോകട്ടെ…


ദയരിക്കുരിപ്പ്‌


എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു
അന്ന്
ഇളം നീല വരകളൂള്ള വെളുത്ത കടലാസിൽ
...നിന്റെ ചിന്തകൾ പോറിവരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക തുമ്പിൽ
എന്നെ ഉരുക്കുവാൻ പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യൻ കെട്ടുപോവുകയും
നക്ഷത്രങ്ങൾ മങ്ങിപോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകൾക്കും
അനിയന്റെ ആശംസകൾക്കും
അമ്മ വിളമ്പിയ പാൽ‍പായസത്തിനുമിടക്ക്
ഞാൻ തിരഞ്ഞത്
നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്ന
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവിൽ പഴയ പുസ്തക കെട്ടുകൾക്കിടയ്ക്കുനിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോൾ
അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നു

Thursday, January 13, 2011

റൂമി - യേശു ഓടിപ്പോയതെന്തിന്‌

യേശുനാഥൻ, മേരീമകൻ
പിന്നാലെ കാട്ടുമൃഗം വരുന്നുണ്ടെന്നപോലെ
തിരിഞ്ഞുനോക്കാതെ കുന്നു കയറുകയാണവൻ.
അനുയായിയൊരാൾ ചോദിക്കുകയാണ്‌,
അവിടുന്നെവിടേക്കാണീ പോകുന്നത്?
പിന്നിൽ ഞാൻ ആരെയും കാണുന്നുമില്ലല്ലോ?
യേശു മിണ്ടുന്നില്ല,
രണ്ടു പാടവുമവർ കടന്നുകഴിഞ്ഞു.
അവിടുന്നല്ലേ,
വചനത്തിന്റെ ജലം തളിച്ചു മരിച്ചവനെ ഉയിർപ്പിച്ചവൻ?
ഞാൻ തന്നെ.
കളിമൺപറവകളെ പറക്കാൻ വിട്ടതും അവിടുന്നു തന്നെയല്ലേ?
അതെ.
എങ്കിൽ ഈ പലായനത്തിനു കാരണമാരാണോ?
യേശു നടത്ത പതുക്കെയാക്കി.

കുരുടന്മാർക്കും ചെകിടന്മാർക്കും മേൽ
എന്റെ വചനം വീഴുമ്പോൾ
അവർക്കു സൗഖ്യമാവുന്നു.
കല്ലു പാകിയ മണ്ണിലതു വീഴുമ്പോൾ
പൊക്കിൾക്കുഴിയോളമതിന്റെ കല്ലിപ്പു വീണ്ടുകീറുന്നു.
ഇല്ലായ്മയ്ക്കു മേൽ അതുണ്മയെ വരുത്തുന്നു.
കഷ്ടം, മനുഷ്യന്റെ ചോരയോടുന്നവർക്കിടയിൽ
മണിക്കൂറുകളും ദിവസങ്ങളും സ്നേഹത്തോടെ, നിർത്താതെ
ഞാനോതിക്കൊണ്ടിരുന്നിട്ടും
യാതൊന്നും സംഭവിക്കുന്നില്ലല്ലോ.
അവർ കല്ലായി മാറുകയാണ്‌,
പൊടിഞ്ഞു മണലാവുകയാണ്‌,
ഒരു കള്ളിച്ചെടിയും അതിൽ വളരില്ല.
ദൈവകൃപയ്ക്കു പ്രവേശിക്കാനുള്ള വഴികളാണന്യരോഗങ്ങൾ;
കൊത്തിയിട്ടുമിളകാത്ത മണ്ണിൽ
ഹിംസയേ വളരൂ,
ദൈവത്തോടുദാസീനതയേ കിളിർക്കൂ.
ഞാൻ പായുന്നതതിൽ നിന്ന്.

വായു വെള്ളം കക്കും പോലെ
വിഡ്ഢികൾക്കു മേൽ ചൊരിയുന്ന വചനം ആവിയായിപ്പോവുന്നു.
തണുത്തു മരവിച്ച കല്ലു പോലെയാണു സംശയാത്മാക്കൾ.
അവർക്കു വെയിലിന്റെ ചൂടറിയില്ല.

യേശു മനുഷ്യരിൽ നിന്നോടിയൊളിക്കുകയായിരുന്നില്ല.
പഠിപ്പിക്കാൻ മറ്റൊരു വഴിയായിരുന്നു അത്.

(പരിഭാഷ ബ്ലോഗ്‌)

നെരൂദ - ഇന്നു വന്നെത്തുന്നു...

ഇന്നു വന്നെത്തുന്നു, ഇന്നലെയുടെ ജഡഭാരവും പേറി,
നാളെയുടെ ചിറകുകളുമായി.
ഇന്നു കടലിന്റെ വാർദ്ധക്യം,
നാളെയുടെ ചേരുവ.

വെയിലോ നിലാവോ മോന്തുന്ന നിന്റെ ചുണ്ടുകളിൽ
പോയ നാളിന്റെയിതളുകൾ വന്നുപറ്റുന്നു;
നിഴലടഞ്ഞ തെരുവിലൂടിന്നലെയലഞ്ഞെത്തുന്നു,
മറക്കൊല്ലേ തന്റെ മുഖമെന്നു നമ്മെയോർമ്മിപ്പിക്കുന്നു.

ഇന്നലെ, ഇന്ന്, നാളെ
പൊരിച്ച മൂരിക്കുട്ടി പോലേതോ ഉദരത്തിൽപ്പോയിമറയുകയാണെല്ലാം,
അറവമാടുകൾ പോലെ ഊഴം കാക്കുന്നു നമ്മുടെ നാളുകൾ.

നിന്റെ ഹൃദയത്തിൽപ്പക്ഷേ, അപ്പത്തിന്റെ മാവു വിതറുന്നു കാലം,
എന്റെ പ്രണയം ടെമുക്കോവിലെ കളിമണ്ണു കൊണ്ടൊരടുപ്പു കൂട്ടുന്നു,
എന്റെയാത്മാവിനന്നന്നത്തെയപ്പം നീ.



പരിഭാഷ ബ്ലോഗ്‌

Monday, January 10, 2011

ബ്രാന്‍ഡുകളുടെ മുതലാളിമാര്‍ -പി.എസ്.രാകേഷ്‌

ബി.എം.ഡബ്ല്യു, ഫോക്‌സ്‌വാഗണ്‍, ഔഡി... നമ്മുടെ നാട്ടിലെ പഞ്ചായത്ത്‌റോഡുകളിലൂടെ പോലും ഈ വിദേശകാറുകള്‍ ഒഴുകിനീങ്ങുന്നത് ഇന്നൊരു കാഴ്ചയേ അല്ലാതായിരിക്കുന്നു. ഇരുപതുവര്‍ഷം മുമ്പ് വരെ ഇന്ത്യന്‍ നിരത്തുകളില്‍ അംബാസിഡറും പ്രീമിയര്‍ പത്മിനിയും അപൂര്‍വം ചില മാരുതികളും മാത്രമേ കാണാന്‍ സാധിക്കുമായിരുന്നുള്ളൂ. തൊണ്ണൂറുകളിലാരംഭിച്ച ഉദാരവത്കരണത്തോടെയതാണ് വിദേശകാറുകള്‍ നാം കണ്ടുതുടങ്ങിയതുതന്നെ. ഓരോ മാസവും പുതിയ മോഡല്‍ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ ബഹുരാഷ്ട്രക്കമ്പനികള്‍ മത്സരിക്കുന്ന കാഴ്ചയാണിന്ന്. വിലയായി നല്‍കുന്ന ലക്ഷങ്ങളുടെ കണക്കുകളല്ലാതെ ഈ കാറുകളുടെ പിറവിയും ചരിത്രവുമൊന്നും ആരും അന്വേഷിക്കാറില്ല.

വിപണിയില്‍ മിന്നുംതാരങ്ങളായി വിലസുന്ന ഓരോ കാറുകള്‍ക്കും ജീവനും മജ്ജയും മാംസവും നല്‍കിയ കുറേ സൃഷ്ടാക്കളുണ്ട്. അവരില്‍ പലരുടെയും സ്വന്തം പേരുകളിലാണ് ഇപ്പോഴത്തെ കാറുകള്‍ അറിയപ്പെടുന്നത് തന്നെ.

തങ്ങളുണ്ടാക്കിയ വാഹനങ്ങള്‍ ലോകം മുഴൂവന്‍ സ്വീകരിക്കപ്പെടുന്നതൊന്നും കാണാന്‍ നില്‍ക്കാതെ അവരില്‍ പലരും മുമ്പേ മണ്‍മറഞ്ഞു. സ്വന്തം പേരില്‍ നിരത്തുകളില്‍ നിറയുന്ന കാറുകളിലൊന്നു പോലും വാങ്ങാന്‍ കഴിവില്ലാതെ മരിച്ച നിര്‍ഭാഗ്യവാന്‍മാരും അവരിലുണ്ട്.


ലോകത്തിലെ ഏറ്റവും ആദ്യത്തെ കാര്‍ ബ്രാന്‍ഡ് എന്ന വിശേഷണമുള്ള ബ്യൂക്ക് തന്നെ വലിയ ഉദാഹരണം. 1903ല്‍ ഡേവിഡ് ബ്യൂക്ക് എന്ന അമേരിക്കക്കാരനാണ് ബ്യൂക്ക് മോട്ടോര്‍ കാര്‍ കമ്പനി എന്ന കാര്‍നിര്‍മാണസ്ഥാപനം ആരംഭിച്ചത്. സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് ഡേവിഡ് ബ്യുക്ക് തന്റെ കമ്പനി ജനറല്‍ മോട്ടോഴ്‌സ് സ്ഥാപകന്‍ വില്യം സി. ഡ്യൂറന്റിന് കൈമാറി. കാര്‍ നിര്‍മാണചരിത്രത്തിലെ ആദ്യത്തെ ബ്രാന്‍ഡ് അക്വിസിഷന്‍. കമ്പനി സ്വന്തമാക്കിയെങ്കിലും 'ബ്യൂക്ക്' എന്ന പേര് മാറ്റാന്‍ പുതിയ മുതലാളി ഡ്യൂറന്റ് തയ്യാറായില്ല. ആളുകള്‍ 'ബൂയിക്ക്' എന്ന് തെറ്റായി ഉച്ചരിക്കുമോ എന്ന ചെറിയൊരു ആശങ്ക ഡ്യൂറന്റിനുണ്ടായിരുന്നു. എന്നാല്‍ അതുതെറ്റാണെന്ന് വളരെ പെട്ടെന്ന് തെളിഞ്ഞു. ബ്യൂക്ക് എന്ന് ശരിയായി ഉച്ചരിച്ച വാഹനപ്രേമികള്‍ കാറിനെ ഇഷ്ടപ്പെടാനും തുടങ്ങി. ഓഹരികള്‍ കൈയൊഴിഞ്ഞതിനുശേഷവും കുറച്ചുകാലം കൂടി ഡേവിഡ് ബ്യുക്ക് കമ്പനിയുടെ ഡയറക്ടറായി തുടര്‍ന്നു. അപ്പോഴൊക്കെ ബ്യൂക്ക് എന്ന പേരില്‍ കാറുകള്‍ വിപണിയില്‍ ഇറങ്ങുന്നുണ്ടായിരുന്നു. ഒടുവില്‍ 1908ല്‍ ഡേവിഡ് ബ്യൂക്ക് സ്വന്തം പേരിലുള്ള കമ്പനിയില്‍ നിന്ന് പടിയിറങ്ങി. 1929ല്‍ മരിക്കുന്നസമയത്ത് ഏറെ ദരിദ്രനായിരുന്നു ഡേവിഡ് ബ്യൂക്ക്. രാജ്യം മുഴുവന്‍ തന്റെ പേരിലുള്ള കാറുകള്‍ ഒഴുകിനീങ്ങുമ്പോഴും ഒരു കാര്‍ പോലും സ്വന്തമാക്കാന്‍ സാമ്പത്തികശേഷിയില്ലാതെ ഡേവിഡ് ബ്യൂക്ക് നിസ്വനായി മരിച്ചു.
സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ ലൂയി ഷെവര്‍ലെയുടെയും കഥയും സമാന മാണ്.പേരുകേട്ട റേസിങ് കാര്‍ ഡ്രൈവറായിരുന്നു ഷെവര്‍ലെ. ഇത്തരമൊരു വ്യക്തിയെ മുന്നില്‍നിര്‍ത്തി കാര്‍നിര്‍മാണക്കമ്പനി തുടങ്ങിയാല്‍ വിജയിക്കുമെന്ന് കച്ചവടത്തില്‍ കൂര്‍മബുദ്ധിക്കാരനായ വില്യം സി. ഡ്യുറന്റിന് തോന്നി. അങ്ങനെ ഡ്യുറന്റും ലൂയി ഷെവര്‍ലെയും ചേര്‍ന്ന് 1911ല്‍ 'ഷെവര്‍ലെ' എന്നപേരില്‍ കാര്‍ നിര്‍മാണവ്യവസായമാരംഭിച്ചു. റേസിങ് കാറുകളില്‍ മാത്രം താത്പര്യമുള്ള ഷെവര്‍ലെയ്ക്ക് ഡ്യുറന്റിന്റെ 'സാദാകാര്‍' നിര്‍മാണരീതികളോടു പൊരുത്തപ്പെടാനായില്ല. രണ്ടുവര്‍ഷത്തിനുള്ളില്‍ ഡ്യുറന്റുമായി തെറ്റിപ്പിരിഞ്ഞ് ഷെവര്‍ലെ കമ്പനിയില്‍ നിന്ന് രാജിവെച്ചു. ഡ്യൂറന്റാകട്ടെ ഷെവര്‍ലെ കാര്‍നിര്‍മാണക്കമ്പനിയുമായി ഒറ്റയ്ക്കു മുന്നോട്ടുപോയി. അഞ്ചുവര്‍ഷത്തിനുള്ളില്‍ കമ്പനി വന്‍ലാഭത്തിലായി. ഷെവര്‍ലെയില്‍നിന്നുള്ള ലാഭമെടുത്താണ് ഡ്യുറന്റ് ജനറല്‍ മോട്ടോഴ്‌സിന്റെ ഭൂരിഭാഗം ഓഹരികള്‍ സ്വന്തമാക്കുന്നതും കമ്പനിയുടെ പ്രസിഡന്റാകുന്നതും. 1917ല്‍ ജനറല്‍ മോട്ടോഴ്‌സ് കമ്പനിയുടെ പ്രസിഡന്റ് സ്ഥാനത്ത് ചുമതലയേറ്റ ശേഷം ഡ്യുറന്റ് ആദ്യം ചെയ്തത് ഷെവര്‍ലെ കമ്പനിയെ ജി.എമ്മില്‍ ലയിപ്പിക്കുകയായിരുന്നു. അന്നുതൊട്ടിന്നുവരെ ജി.എമ്മിന് ഏറ്റവും വരുമാനമുണ്ടാക്കികൊടുത്ത ബ്രാന്‍ഡുകളിലൊന്നായി 'ചെവി' തിളങ്ങിനില്‍ക്കുകയാണ്.

ഇനി സ്വന്തം പേരുള്ള കമ്പനിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞുപോയ ലൂയി ഷെവര്‍ലെയുടെ ഗതിയെന്തായെന്നു നോക്കാം. പിരിയുമ്പോള്‍ കിട്ടിയ തുകയത്രയും ഓഹരിവിപണിയില്‍ നിക്ഷേപിച്ച് കാര്‍ റേസിങുമായി കറങ്ങിനടക്കുകയാണ് ഷെവര്‍ലെ ചെയ്തത്. 1930കളില്‍െ അമേരിക്കന്‍ സാമ്പത്തികമാന്ദ്യത്തില്‍ ഓഹരിവിപണി തകര്‍ന്നതോടെ മുഴുവന്‍ സമ്പാദ്യവും നഷ്ടമായി.

വരുമാനമില്ലാതായതോടെ ഷെവര്‍ലെ കാര്‍ഫാക്ടറിയില്‍ മെക്കാനിക്കായി ജോലിനോക്കേണ്ട ദുര്‍വിധിയും അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നു. 1941 ജൂണ്‍ ആറിന് മരിക്കുമ്പോള്‍ ലൂയി ഷെവര്‍ലെയുടെ പക്കല്‍ ഒരു ഒരു സെന്റ് പണം പോലുമില്ലായിരുന്നുവെന്നത് വേദനിപ്പിക്കുന്ന ചരിത്രം.

ഇതുപോലെ ഒട്ടനവധി ബ്യൂക്കുമാരുടെയും ഷെവര്‍ലെമാരുടെയും നിര്‍ഭാഗ്യങ്ങളില്‍നിന്നാണ് വാഹനനിര്‍മാണത്തിന്റെ ചരിത്രം തുടങ്ങുന്നത്. ഇന്നിപ്പോള്‍ ഓര്‍ത്തുവെക്കല്‍ അസാധ്യമാക്കുന്ന സങ്കീര്‍ണബന്ധങ്ങളുള്ള വലിയൊരു തറവാടുപോലെയാണ് ആഗോളവാഹനനിര്‍മാണ വ്യവസായം. വിപണിയില്‍ പോരടിക്കുന്ന പല പ്രമുഖ ബ്രാന്‍ഡ് വാഹനങ്ങളുടെയും ഉടമസ്ഥര്‍ ഒരേ ഗ്രൂപ്പാകും. എതിരാളിയുടെ നല്ലൊരു ശതമാനം ഓഹരികളും സ്വന്തം കൈവശം വയ്ക്കുന്ന വാഹനക്കമ്പനികളുമുണ്ട്. ഇന്ന് ആഗോളവിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മുപ്പതിലേറെ വാഹനക്കമ്പനികളുടെ ഉടമസ്ഥര്‍ മൂന്നേ മൂന്ന് വ്യവസായഗ്രൂപ്പുകളാണെന്ന കാര്യം എത്രപേര്‍ക്കറിയാം? ജനറല്‍ മോട്ടോഴ്‌സ്, ഫോര്‍ഡ്, ക്രൈസ്‌ലര്‍ എന്നിവരത്രേ ഈ വാഹനഭീമന്‍മാര്‍. 'ബിഗ് ത്രി' എന്നാണീ ത്രിമൂര്‍ത്തികള്‍ അറിയപ്പെടുന്നത്. മൂന്ന് കമ്പനികളും അമേരിക്കയിലെ ഡെട്രോയിറ്റ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നതെന്ന സവിശേഷതയുമുണ്ട്. ഒരു ഡസനോളം കിടിലന്‍ ബ്രാന്‍ഡുകള്‍ കൈവശമുള്ള കേമന്മാര്‍ യൂറോപ്പിലുമുണ്ട്.ഇവര്‍ക്ക് പുറമേ ഒന്നിലധികം ബ്രാന്‍ഡുകള്‍ കൈവശമുള്ള വാഹനനിര്‍മാതാക്കള്‍ ഒട്ടേറെ. ആ നിരയില്‍ നമ്മുടെ ടാറ്റ മോട്ടോഴ്‌സും ഉള്‍പ്പെടുന്നു.

ലോകത്തെ രണ്ടാമതുവലിയ വാഹനക്കമ്പനിയായ ജനറല്‍ മോട്ടോഴ്‌സ് ലോകമെങ്ങും ആരാധകരുള്ള അരഡസനിലേറെ വാഹനക്കമ്പനികളുടെ ഉടമസ്ഥരാണ്. ബ്യൂക്ക്, കാഡിലാക്, ഷെവര്‍ലെ, ഓപെല്‍, ജി.എം.സി. വോക്‌സഹാള്‍, ഹോള്‍ഡന്‍, ഹമ്മര്‍, ദേവൂ എന്നിവയാണിവയില്‍ പ്രമുഖര്‍. 2001ലാണ് കടക്കെണിയില്‍ പെട്ട ദക്ഷിണകൊറിയന്‍ വാഹനക്കമ്പനി ദേവുവിനെ ജനറല്‍ മോട്ടോഴ്‌സ് ഏറ്റെടുത്തത്.

അമേരിക്കയിലെ മിഷിഗണ്‍ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായ ഡെട്ട്രോയിറ്റില്‍ 1903 ജൂണ്‍ 16നാണ് ഫോര്‍ഡ് മോട്ടോര്‍ കമ്പനി പിറവിയെടുത്തത്. ഹെന്‍ട്രി ഫോര്‍ഡ് എന്ന കാര്‍ നിര്‍മാണവിദഗ്ധനായിരുന്നു കമ്പനിയുടെ സ്ഥാപകന്‍. വിറ്റുവരവില്‍ ലോകത്തെ നാലാമതു വാഹനക്കമ്പനിയെന്ന ബഹുമതി ഇപ്പോഴൂം നിലനിര്‍ത്തുന്ന ഫോര്‍ഡിനു സ്വന്തമായി നിരവധി വാഹനക്കമ്പനികളുണ്ട്. ഓരോ രാജ്യത്തെയും തദ്ദേശ്ശീയമായ വാഹനക്കമ്പനികളുമായിചേര്‍ന്ന് സംയുക്തസംരംഭങ്ങള്‍ ആരംഭിക്കുന്നതിലും ഫോര്‍ഡ് എന്നും മിടുക്ക് കാട്ടി. ഫോര്‍ഡ്, ലിങ്കന്‍, ജാഗ്വര്‍, ലാന്‍ഡ്‌റോവര്‍, ആസ്റ്റന്‍ മാര്‍ട്ടിന്‍, മെര്‍ക്കുറി, വോള്‍വോ എന്നിവയാണു കമ്പനിക്ക്് സ്വന്തമായുണ്ടായിരുന്ന വാഹനക്കമ്പനികള്‍. ഇതിനു പുറമെ ജപ്പാനീസ് വാഹനക്കമ്പനി മസ്ദ, ദക്ഷിണകൊറിയന്‍ കമ്പനി കിയ, റുമേനിയയിലെ ഓട്ടോമൊബൈല്‍ ക്രയോവ എന്നിവയുടെ ഗണ്യമായ ഓഹരികള്‍ കൈവശം വെക്കുകയും ചെയ്തു. എന്നാല്‍ 2006ന്റെ പകുതിയോടെ ലോകമൊട്ടാകെ വീശിയടിച്ച സാമ്പത്തികമാന്ദ്യത്തില്‍ പെട്ട് കമ്പനിക്ക് അടിപതറി. ഇതേത്തുടര്‍ന്ന് കിയ മോട്ടോഴ്‌സിലെ ഓഹരികള്‍ ഫോര്‍ഡ് ഹ്യുണ്ടായിക്ക് കൈമാറി. 2007ല്‍ ആസ്റ്റന്‍ മാര്‍ട്ടിന്‍ കമ്പനിയെയും ഫോര്‍ഡ് കൈമാറി. 2008ല്‍ ജാഗ്വര്‍, ലാന്‍ഡ്‌റോവര്‍ കമ്പനികള്‍ ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുത്തു. ഏറ്റവുമൊടുവില്‍ മെര്‍ക്കുറിയും വോള്‍വോയും ചൈനയിലെ ഗീലി ഓട്ടോമൊബൈല്‍സിനു കൈമാറാനുള്ള തീരുമാനത്തിലാണ് ഫോര്‍ഡ്.

ക്രൈസ്‌ലര്‍, ഡോഡ്ജ്, റാം, ജീപ്പ്, ജെംകാര്‍ എന്നീ നാല് ബ്രാന്‍ഡുകളുടെ ഉടമസ്ഥരാണ് ക്രൈസ്‌ലര്‍ മോട്ടോഴ്‌സ്. ഇവയില്‍ ക്രൈസ്‌ലര്‍ പാസഞ്ചര്‍ കാറാണെങ്കില്‍ ഡോഡ്ജും ജീപ്പും എസ്.യു.വി.യും റാം കൊമേഴ്‌സ്യല്‍ വാഹനവുമാണ്. ജനറല്‍ ഇലക്ട്രിക് മോട്ടോര്‍ കാര്‍ എന്നതിന്റെ ചുരുക്കപ്പേരായ ജെം കാര്‍ ഇലക്ട്രിക് വാഹനവും.
ആേഗാളവാഹനവിപണിയില്‍ ഒന്നാം സ്ഥാനത്തുള്ള ജപ്പാനിലെ ടൊയോട്ടോ മോട്ടോര്‍ കോര്‍പറേഷനുമുണ്ട് ഒന്നിലധികം ബ്രാന്‍ഡുകള്‍ സ്വന്തമായി. ടൊയോട്ടോയ്ക്കു പുറമെ ലെക്‌സസ്, സിയോണ്‍ എന്നിവയാണ് കമ്പനിയുടെ കൈവശമുള്ള മറ്റു ബ്രാന്‍ഡുകള്‍.

ആഡംബരകാറുകളുടെ ശ്രേണിയില്‍ പെടുന്ന ഔഡി, ബെന്റ്‌ലി, ബുഗറ്റി, ലംബോര്‍ഗിനി, പോര്‍ഷെ, സ്‌കോഡ എന്നിവയെല്ലാം ഒറ്റ കമ്പനിയുടെ ഉടമസ്ഥതയിലുള്ളവയാണെന്നത് ഏറെ രസകരമായ വസ്തുത തന്നെ. ജനകീയ കാറുകളുടെ അവസാനവാക്കെന്ന് അറിയപ്പെടുന്ന ഫോക്‌സ്‌വാഗണ്‍ കമ്പനിയുടേതാണ് ഈ ബ്രാന്‍ഡ് നാമങ്ങളത്രയും എന്നത് വേറെ തമാശ.
ഇറ്റാലിയന്‍ വാഹനനിര്‍മാണ കമ്പനി ഫിയറ്റിന്റെ പക്കലുമുണ്ട് ഒരുപിടി വാഹനബ്രാന്‍ഡുകള്‍. ഫെരാരി, ലാന്‍സിയ, ആല്‍ഫ റോമിയോ, മസറാറ്റി എന്നിവയാണിവ. ക്രൈസ്‌ലര്‍, ഡോഡ്ജ് എന്നീ കമ്പനികളില്‍ 20 ശതമാനം ഓഹരിപങ്കാളിത്തവും ഫിയറ്റിനുണ്ട്.

ബി.എം.ഡബ്‌ള്യൂ മിനി, റോള്‍സ് േറായ്‌സ് എന്നിവയാണ് ബി.എം.ഡബഌു. കമ്പനിയുടെ അധീനതയിലുള്ള ബ്രാന്‍ഡുകള്‍. ഇന്ത്യന്‍ നിരത്തുകളിലെ നിതാന്തസാന്നിധ്യമായ മാരുതി വാഹനങ്ങളുടെ 54.2 ശതമാനം ഓഹരികള്‍ ജപ്പാന്‍ കമ്പനിയായ സുസുക്കിയുടെ കൈവശമാണ്. സുസുക്കി കമ്പനിയുടെ 19.9 ശതമാനം ഓഹരികള്‍ ഫോക്‌സ്‌വാഗണും മൂന്ന് ശതമാനം ജനറല്‍ മോട്ടോഴ്‌സും കൈവശം വച്ചിട്ടുണ്ട്.

ആഗോളവാഹനരംഗത്തെ ഇന്ത്യന്‍സാന്നിധ്യമായ ടാറ്റ മോട്ടോഴ്‌സ് ജാഗ്വര്‍, ലാന്‍ഡ്‌റോവര്‍ എന്നീ വാഹനക്കമ്പനികള്‍ വന്‍തുക നല്‍കി സ്വന്തമാക്കിയിട്ട് ഏറെ നാളുകളായിട്ടില്ല. ഹോണ്ടയ്ക്ക് സ്വന്തമായി ആക്യുറ എന്നൊരു കമ്പനി കൂടിയുണ്ടെങ്കില്‍ 'കിയ'യാണ് ഹ്യുണ്ടായിയുടെ പക്കലുള്ള രണ്ടാമത് കമ്പനി.

ഇതൊക്കെയാണെങ്കിലും 'കൂട്ടു കൃഷിയില്‍' താത്പര്യമില്ലാത്ത ചില വാഹനക്കമ്പനികളുമുണ്ട്. ഇവയില്‍ പ്രമുഖരാണ് ജപ്പാനിലെ മിത്‌സുബിഷി. മറ്റുകമ്പനികളുമായി സഹകരിച്ച് ചില മോഡലുകളിറക്കിയിട്ടുണ്ടെങ്കിലും മിത്സുബിഷിക്കു സ്വന്തമായി മിത്സുബിഷി എന്ന ബ്രാന്‍ഡ് മാത്രമേയുള്ളൂ.

അണിയറയില്‍ ഒട്ടേറെ വാഹനബ്രാന്‍ഡുകളുടെ കച്ചവടത്തിനുള്ള മുന്നൊരുക്കങ്ങള്‍ നടന്നുവരികയാണ്. എതിരാളികള്‍ അറിഞ്ഞാല്‍ പദ്ധതികള്‍ തകിടം മറിയുമെന്നതിനാല്‍ അതീവരഹസ്യമായാണ് ഓരോ കമ്പനികളും ഏറ്റെടുക്കല്‍നീക്കവുമായി മുന്നേറുന്നത്. മുതലാളിത്തത്തിന്റെ ക്ലൈമാക്‌സില്‍ മൂലധനം ഏതാനും കരങ്ങളിലേക്കായി ചുരുങ്ങും എന്ന 19-ാം നൂറ്റാണ്ടില്‍ തന്നെ കാള്‍ മാര്‍ക്‌സ് പ്രവചിച്ചതു പോലെ കാലക്രമേണെ എല്ലാവാഹനബ്രാന്‍ഡുകളും മൂന്നോ നാലോ കുത്തകക്കമ്പനികളുടെ കൈകളിലാകുമെന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.

Wednesday, January 5, 2011

കുമാരസംഭവം..ഹാരിസ്‌ എടവണ്ണ

ഞങ്ങളുടെ നാടിനടുത്തു പണ്ടൊരു കുമാരേട്ടൻ ഉണ്ടായിരുന്നു.ശരിക്കും പറഞ്ഞാൽ ആളൊരു സോഷ്യലിസ്റ്റായിരുന്നു.കക്ഷി കുറേക്കാലം ഗൾഫിലായിരുന്നു.പ്രവാസത്തിന്റെ വിരസതയും നാടിങ്ങനെ ഉള്ളിൽ കിടന്നു വിങ്ങാനും തുടങ്ങിയപ്പോൾ കക്ഷി ഗൾഫ് മതിയാക്കി ഉള്ള സമ്പാദ്യവുമായി നാടുപിടിച്ചൂ...കുറച്ചു കാലത്തിനു മുമ്പാണു സംഭവം എന്നു വെച്ചാൽ ബാർബർമാർ രാഷ്ട്രൂയം പറയുകയും നാട്ടിൽ ഈസ്റ്റ് വെസ്റ്റായി യുവാക്കൾ നടക്കുകയും ചെയ്യുന്ന കാലം..ക്ലിയർ ആയി പറഞ്ഞാൽ റിയൽ എസ്റ്റേറ്റ് പ്രതിഭാസത്തിനും അച്ചുമാമ പിണറായി ഇഫക്ടിനും സൂര്യനെല്ലി പീഡനങ്ങൾക്കും മുമ്പേയുള്ള കേരളത്തിലേക്കാണു മൂപ്പർ പ്രവാസം നിർത്തിവന്നത്.

അന്നിന്നത്തെ പ്പോലെ കുടുംബശ്രീയോ ജനകീയകൂട്ടു കുടിയോ ഒന്നും ഉണ്ടായിരുന്നില്ല.തേരാപാരാ നടക്കുന്ന യുവാക്കളെ കണ്ടപ്പോഴാണൂ മൂപ്പർക്ക് ഒരു തൊഴിലവസരം സ്രുഷ്ടിക്കുന്നതിനെപ്പറ്റി അല്ലെങ്കിൽ തന്നെപ്പോലുള്ള അത്യാവശ്യം പൈസയുള്ള ആൾക്ക് അനുദിനം കുറഞ്ഞു വരുന്ന എമ്പ്ലോയർ എംപ്ലോയീ അനുപാതത്തെ ഒന്നു പിടിച്ചു നിർത്താനുള്ള ഒരു അവസരമാണിതെന്നു മനസ്സിലായത്..അങ്ങിനെയാണു ഇഷ്ടികകമ്പനി പിറവിയെടുത്തത്...എന്തുകൊണ്ടോ മൂന്നുമാസത്തിനുള്ളിൽ തൊഴിലാളി സമരകൊണ്ട് കമ്പനി പൂട്ടി...തൊഴിലാളികൾക്കയാൾ ബൂർഷ്വയും പിന്തിരിപ്പൻ മൂരാച്ചിയുമായ വെറുമൊരു മുതലാളിയായി...മൂന്നുലക്ഷം പോയികിട്ടി...മൂപ്പരുടെ 70% സാമൂഹികപ്രതിബദ്ധതയും.അവശേഷിക്കുന്ന 30% സാമൂഹികപ്രതിബദ്ധതയും സുഹ്രുത്തുക്കളിൽ നിന്നും ബാങ്കിൽ നിന്നുമെടുത്ത വായ്പ്പയുമായാണു ജനകീയ സൂപ്പർമാർക്കറ്റ് തുടങ്ങുന്നത്......ആറുമാസം കഴിഞ്ഞില്ല കടംവാങ്ങുക തിരിച്ചു കൊടുക്കാതിരിക്കുക എന്ന ജനകീയ മനശാസ്ത്രം മൂപ്പരുടെ സൂപ്പർമാർക്കറ്റിനെ പൂട്ടിച്ചു.

അങ്ങിനെയാണു പണിതീരാത്തവീടിന്റെ ഫാൻ കൊളുത്തിൽ കുമാരേട്ടൻ ചോദ്യചിഹ്നമായി തൂങ്ങിയത്.പോലീസെത്തി മ്രുതദേഹം താഴെയിറക്കി...പോക്കറ്റിലെ രണ്ടായിമടക്കിയ കുറിപ്പെടുത്തു ഹെഡ് കുഞ്ഞിരാമൻ നായർ ഒന്നു വായിച്ചതേയുള്ളൂ ..പുറത്തു നിൽക്കുന്ന ആകാംക്ഷഭരിതരായ ജനങ്ങളെയും നിലത്തു പായയിൽ കിടത്തിയ കുമാരേട്ടനെയും മറന്നയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി.....എന്തായിരിക്കും ആ കുറിപ്പിൽ

കുറിപ്പിലിത്രയുമേ ഉണ്ടായിരുന്നുള്ളൂ

ഇവിടെ ഒരു മയിരും നടക്കില്ല....എന്ന് കുമാരൻ