Friday, December 24, 2010

അയാള്‍ വിളിച്ചാലോ ?/സാബുഷണ്‍മുഖം

പ്രിയപ്പെട്ട ഒരാളുടെ മരണം നമ്മുടെ ജീവിതത്തെ ഭൂമിയില്‍ നിന്നും ഒരു ഞൊടിയിട തുടച്ചു മാറ്റുമോ ?നമ്മള്‍ ആര്‍ക്കും പൂരിപ്പ്ക്കാനാവാത്ത ഒരു ബ്ളാങ്ക് ലൈന്‍ ആയിത്തീരുമോ ?ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരുടെ മുഴുവന്‍ ഉറക്കവും തട്ടിയെടുത്ത് ഒരാള്‍ സുഖമായി ഉറങ്ങുന്ന ഉറക്കമാണോ മരണം ? മരണത്തെ കാട്ടിത്തരുന്ന കണ്ണാടി മരിച്ചയാളല്ല.മരണവീടും അതിജീവിക്കുന്നവരുമാണ് .

എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ഇക്കഴിഞ്ഞ 18)ഠ തീയതി രാത്രി 9.30-ന്‍ ഈ ലോകം വിട്ടു പോയി.സംസാരിച്ചുകൊണ്ടുനില്‍ക്കെ നീങ്ങി തുടങ്ങുന്ന തീവണ്ടിയില്‍ പെട്ടെന്നു കയറി യാത്ര പറയുന്ന ഒരാളെ പോലെ.ആ വണ്ടി പോകുന്ന പാളങ്ങള്‍ ഏതൊക്കെയാണ് ?ചെന്നു ചെരുന്നതെവിടെയാണ്? പ്ളാറ്റ്ഫോമില്‍ പ്രധിവിധികളില്ലാതെ ഞാന്‍ ഒറ്റക്കാവുന്നു.

മേതില്‍ രാധാകൃഷ്ണന്റെ കവിതകള്‍ ഇഷ്ടപ്പെട്ടിരുന്ന ഒരാള്‍.ത്യാഗരാജ ഭാഗവതരെയും പി.യു.ചിന്നപ്പയെയും ടി. ആര്‍.മഹാലിങ്ങത്തെയും കാരക്കുരിശി അരുണാച്ചലത്തെയും പറ്റി പറഞ്ഞു കൊണ്ടിരുന്ന ഒരാള്‍.നാഗസ്വരക്കചേരികളില്‍ ഉന്മാദം കൊണ്ടവന്‍.സംഗീതം പഠികുകയും സംഗീതത്തെ ഉപാസിക്കുകയും ചെയ്ത മനുഷ്യന്‍. ഗായകനായ ബ്രഹ്മാനന്ദന്റെ പഴയ സുഹൃത്തുക്കളിലൊരാള്‍്‍ .മുറിനിറയെ ഗ്രാമഫോണ്‍ രെകാ്‍ഡുകള്‍ സൂക്ഷിച്ചവന്‍. ഏറ്റവും പുതിയ പുസ്തകങ്ങള്‍ തേടി പുസ്തകശാലകള്‍ തോറും അലഞ്ഞവന്‍.സാഹിത്യത്തില്‍ ഒതുതീര്പുകള്‍ പാടില്ലെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ചിരുന്ന ഒരാള്‍.ഈയിടെ ഞാനയാളെ കരുണാകരന്റെ കുറെയേറെ കവിതകള്‍ വായിച്ചു കേള്‍പ്പിച്ചിരുന്നു.എന്തുകൊണ്ട് ആ കവിതകള്‍ മലയാളത്തിന്റെ കാവ്യച്ചര്ച്ചകളില്‍ കടന്നു വരുന്നില്ലെന്ന് ഖേദിച്ചവന്‍ .

അയാള്‍ പ്രശസ്തനായിരുന്നില്ല,സമ്പന്നനും.പ്രശസ്തിയും സാമര്ത്യവുമല്ല പ്രതിഭയുടെ മാനദണ്ടമെന്നു മനസ്സിലാക്കി തന്ന ഒരുവന്‍.സമര്‍ത്ഥന്മാര്‍ വിജയിക്കുന്ന ലോകത്ത് ഒട്ടും സാമര്ത്യമില്ലാതെ ജീവിച്ച ഒരാള്‍.

അയാള്‍ പോയി.

ഞാനെന്റെ മൊബൈല്‍ ഓഫ് ചെയ്തു. മൌസ്സില്‍ തൊട്ടില്ല .ലാപ്ടോപ്പില്‍ പെട്ടില്ല.ഒറ്റക്കിരുന്നു. .അവസാന ശ്വാസം വരെ കീഴടങ്ങാതിരുന്നവനെ തിരിച്ചു വായിച്ചു.അയാള്‍ പ്രസരിപ്പിച്ച ഊര്‍ജ്ജം തിരിച്ചുപിടിച്ചു . അയാളുടെ പ്രസക്തി കൂടുതല്‍ തിരിച്ചറിഞ്ഞു .ആ ഏകാന്തതയിലേക്ക് അയാള്‍ ഒരിക്കല്‍ കൂടിയെത്തി .അതിരുകളില്ലാത്ത മേശക്കിരുപുറം ഞങ്ങള്‍ വീണ്ടുമിരുന്നു.വരിഞ്ഞു കെട്ടിയിട്ട കണ്ണുനീരിന്റെ അക്രമാസക്തമായ കടലുകളെ ഞാനെന്റെ ഹൃദയം പൊട്ടിച്ച് ചില്ലുഗ്ളാസ്സുകളില്‍ പകര്‍ന്നു.പഴയപോലെ ചിയേഴ്സ് പറഞ്ഞു.പൊട്ടിച്ചിരിച്ചു .

എനിക്കിപ്പോള്‍

മൊബൈല്‍ ഓണ്‍ ചെയ്യാതെ വയ്യ.

അയാള്‍ വിളിച്ചാലോ ?

ഫെയ്സ് ബുക്ക്-ഹാരിസ്‌ എടവണ്ണ

മടുപ്പിന്റെയുടുപ്പു തുന്നുന്നുണ്ടോരോ

സൌഹ്രുദങ്ങളും

പ്രണയത്തിലേക്കു തെന്നിവീഴുന്നുണ്ട്

ചിലത്

അമ്മയായി കാണാമോയെന്നൊരമ്മ

കൌമാരത്തിനോട്

മരണത്തിനു ജന്മദിനത്തിനും

ദുരന്തത്തിനും

ഒരേ ലൈക്ക്…..

കവിതകളുപേക്ഷിച്ചു പോവുന്നു

ചിലർ

വായിക്കപ്പെടാത്തതു

സംസ്ക്കരിക്കാനാവാത്ത

മാലിന്യം പോലെ………

വാക്കേ ഇങ്ങിനെ ചീഞ്ഞു നാറുന്നതെന്തിനെന്നു

ചിത്രങ്ങൾ കളിയാക്കുന്നു

മിണ്ടാതിരിക്കുന്ന മുഖങ്ങളേ

ജീവനുണ്ടോന്നറിയാൻ

മറ്റു വഴിയില്ല

കുഴിമാടത്തിൽ കിടന്നു മണ്ണായാലും

പ്രൊഫൈലിലിങ്ങനെ ചിരിച്ചിരുന്നു

പറ്റിച്ചേയെന്നു പറഞ്ഞോ…..

കാഫ്ക - ഫെലിസിന്(വിവര്‍ത്തനം രവികുമാര്‍ വാസുദേവന്‍)

പ്രിയപ്പെട്ട ഫ്രൗളിൻ ഫെലിസ്,

ഇതു കേൾക്കൂ പ്രിയപ്പെട്ട ഫെലിസ്, രാത്രിയുടെ നിശ്ശബ്ദതയിലാണ്‌ എന്റെ വാക്കുകൾ വ്യക്തമാവുന്നതെന്നെനിക്കു തോന്നുന്നു. ഇന്നുച്ചയ്ക്കെഴുതിയ കത്ത് കത്താണെന്ന കാര്യം മറന്നേക്കൂ; ഒരു മുന്നറിയിപ്പായി നമുക്കതോർമ്മയിൽ വയ്ക്കാം. എന്നു പറഞ്ഞാൽ ശുഭസൂചകമായ ഒരു മുന്നറിയിപ്പ്. ആ കത്തെഴുതിക്കഴിഞ്ഞതിനു ശേഷമുള്ള ഉൾക്കിടിലം ഒരുകാലത്തും എന്റെ ഓമ്മയിൽ നിന്നു മായില്ല, അതെഴുതുമ്പോൾത്തന്നെ പരിതാപകരമായിരുന്നു എന്റെ അവസ്ഥയെങ്കില്ക്കൂടി. സ്വന്തമായിട്ടൊന്നും എഴുതിയില്ലെങ്കിൽ അങ്ങനെയായിപ്പോവുകയാണു ഞാൻ (അതുമാത്രമല്ല കാരണമെന്നു കൂടി പറയട്ടെ). ഞാൻ എനിക്കു വേണ്ടി മാത്രമായി, എന്നെക്കുറിച്ചുദാസീനരോ, എന്റെ പരിചയക്കാരോ, അതുമല്ലെങ്കിൽ എന്റെ സാന്നിദ്ധ്യത്തിലുള്ളവർക്കോ വേണ്ടി മാത്രമായി ജീവിക്കുന്നിടത്തോളം കാലം, സ്വന്തം ഉദാസീനതയും പരിചയവും അല്ലെങ്കിൽ തങ്ങളുടെ പ്രബലവും ജീവസ്സുറ്റതുമായ സാന്നിദ്ധ്യവും കൊണ്ട് എന്റെ കുറവുകൾ അവർ നികത്തുന്നിടത്തോളം കാലം ഞാനതിനെക്കുറിച്ച് അത്രയ്ക്കങ്ങു ബോധവാനാവുന്നില്ല. പക്ഷേ ആരോടെങ്കിലും ഒന്നടുക്കാൻ ഞാൻ ശ്രമിക്കുമ്പോൾ, ആ ഒരുദ്യമത്തിലേക്ക് ഞാനെന്നെ സമർപ്പിക്കുമ്പോൾ ദുരിതം എനിക്കുറപ്പായിക്കഴിഞ്ഞു. അപ്പോൾ ഞാൻ ഒന്നുമല്ലാതാവുന്നു; ഒന്നുമില്ലായ്മ കൊണ്ട് ഞാനെന്തു ചെയ്യാൻ? കാലത്ത് നിങ്ങളുടെ കത്തു വന്നത് ( ഉച്ചയായപ്പോഴേക്കും അതു മാറിയിരിക്കുന്നു) വേണ്ട സമയത്തു തന്നെയാണെന്നു സമ്മതിക്കട്ടെ; ആ വാക്കുകൾ തന്നെയാണ്‌ എനിക്കു വേണ്ടിയിരുന്നത്.

പക്ഷേ ഞാൻ പൂർവ്വസ്ഥിതിയിലേക്കെത്തിയിട്ടില്ലെന്ന് ഇപ്പോഴെനിക്കു ബോധ്യമാവുന്നു; എന്റെ എഴുത്തിന്‌ മതിയായ ലാഘവം വന്നിട്ടില്ല; ഈ കത്തു കൂടി നിങ്ങളുടെ നീരസം അർഹിക്കുന്നതു തന്നെ. നമുക്ക് ഉറക്കത്തെ അഭയം പ്രാപിക്കാം, ദൈവങ്ങളെയും.

വിട! ഞാനർഹിക്കുന്നതിലുമധികം കാരുണ്യം എനിക്കാവശ്യമുണ്ട്.

സ്വന്തം ഫ്രാൻസ്.കെ.

Monday, December 13, 2010

നരകത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട്‌

നരകത്തിന്റെ നിലം മോസയ്ക് ആണ്;മേല്‍ക്കൂര കോണ്‍ക്രീറ്റ്‌ .അതിനു ഒരു വിരുന്നു മുറി ഉണ്ട്.ഒരു തീന്മുറി ,രണ്ടു കിടപ്പ് മുറി,ഒരു പഠന മുറി,അടുക്കള ,രണ്ടു കുളിമുറികള്‍..

നരകത്തിന്റെ ഭാരനാഥിപന്‍ ഒരു പുരുഷനാണ്.ജനാധിപത്യം അവിടെ എത്തിയിട്ടില്ല.പുരുഷന് കീഴില്‍ ഒരു സ്ത്രീയുണ്ട്;ഇരുവരുടെയും കീഴിലാണ് കുട്ടികള്‍-മുറയനുസരിച്ചു തന്നെ രണ്ട്.

കുട്ടികളുടെ മുറി നിറയെ മര്‍ദനോപകാരങ്ങള്‍ ആണ്;പാഠ പുസ്തകങ്ങള്‍,ഗൈഡുകള്‍,ഭൂപടം എന്നാ രാവണന്‍ കോട്ട,ഇന്‍സ്ട്രുമെന്റ് ബോക്സ്‌ എന്ന ഭീകര യന്ത്രം.ഇവ ഉപയോഗിച്ചാണ് പുരുഷനും സ്ത്രീയും കുട്ടികളെ ഏറെയും ഉപദ്രവിക്കുക.നരക ശിക്ഷാ നിയമത്തില്‍ തേഡ് ഡിഗ്രിയും അനുവദനീയമാകയാല്‍ സ്കെയില്‍ ,റൂള്‍ തടി,കോംപസ്‌,വ്യാകരണം,ലോകമെടുത്തു അമ്മാനമാടാന്‍ കൊതിച്ച പരുക്കനായ ഉള്ളം കൈ എനിവയും ഉപയോഗിക്കാറില്ലെന്നില്ല.

പരീക്ഷാ കാലത്ത് ആ മുറിയില്‍ നിന്നും പുക പൊങ്ങുന്നത് കാണാം; സ്ത്രീ പുരുഷന്മാരും കുട്ടികളും ഉറക്കം വരാതെ കിടന്നുരുളുന്നതും.

പുരുഷന് കൃത്യ സമയത്ത് തീറ്റ നല്‍കേണ്ടത സ്ത്രീയുടെ ചുമതലയാണ്.നേരം തെറ്റുകയോ രുചി കുറയുകയോ ചെയ്‌താല്‍ അത് നഖവും ദംഷ്ട്രയും പുറത്തു കാട്ടി അലറാന്‍ തുടങ്ങും.

പേരില്ലാത്ത ഒരു ഊമയും ഉണ്ട് നരകത്തില്‍.അടിച്ചു തുടക്കുകയും വിഴുപ്പലക്കുകയും ചെയ്യുന്ന ആ യന്ത്രത്തെ നാലെന്നത്തിനും ഇഷ്ടമുള്ളതൊക്കെ ചെയ്യാം.പിന്നെയുള്ളത് ഇവരെയെല്ലാം ഭയന്നു ജീവിക്കുന്ന ഉറുമ്പ്, ഈച്ച,വിളക്ക് പ്രാണി,പാറ്റ,എട്ടുകാലി,ഗൌളി,എലി തുടങ്ങിയ എളിയ ജനങ്ങളാണ്.ഈ പ്രജകള്‍ക്കും പുരുഷന്‍ നാഥന്‍ തന്നെ.

രാത്രി പതിനൊന്നു കഴിഞ്ഞാല്‍ നരകത്തിലെ വിളക്കുകള്‍ അണയും.അപ്പോഴാണ്‌ അവിടം ജനനിബിടം ആവുക.മാര്‍ക്ക് കുറഞ്ഞതിനാല്‍ ആത്മഹത്ത്യ ചെയ്യേണ്ടി വന്ന കുട്ടികള്‍,സ്റ്റൌ പോട്ടിതെരിച്ചും ചോറില്‍ മുടി കണ്ടതിനു ചവിട്ടേറ്റും മരിച്ച സ്ത്രീകള്‍,മരുമക്കളുടെ ശാപമേറ്റു ചത്ത അമ്മായി അമ്മമാര്‍,മക്കളുപെക്ഷിച്ചു തെരുവില്‍ അഴുകിതീര്‍ന്ന അച്ഛനമ്മമാര്‍,സ്വത്ത് തര്‍കത്തില്‍ പരസ്പരം കുത്തികൊന്ന സഹോദരര്‍,അതിര്‍ത്തി യുദ്ധം മൂത്ത് ഭ്രാന്തെടുത്തു തീര്‍ന്നുപോയ കാരണവന്മാര്‍-ഇവരൊക്കെ പലതരം ശബ്ദങ്ങളുണ്ടാക്കി നരകത്തില്‍ അലയാന്‍ തുടങ്ങും.

പുരുഷന്റെയും സ്ത്രീയുടെയും കിടപ്പുമുറിയില്‍ നിന്നും കേള്‍ക്കും ചില ശബ്ദങ്ങള്‍.സംശയിക്കണ്ട, അത് പ്രണയമല്ല;മടുപ്പിന്റെ നെടുവീര്‍പ്പിലെയ്ക്കുള്ള ആയാസകരമായ ഒരു സവാരി മാത്രമാണത്‌;അഥവാ നിദ്രാ രാഹിത്യത്തിനു ഒരു വ്യായാമ ചികിത്സ .

ദൈവം ചിലപ്പോള്‍ നരകം സന്ദര്‍ശിക്കാറില്ലെന്നില്ല.പുരുഷനില്ലാത്തപ്പോള്‍ പുരുഷ രൂപത്തിലും സ്ത്രീ ഇല്ലാത്തപ്പോള്‍ സ്ത്രീ രൂപത്തിലും പ്രണയം എന്നൊന്ന് സാധ്യമാണെന്ന ഓരോര്മയോ കിനാവോ പോലെ ദൈവം നരകത്തില്‍ ഒന്ന് മിന്നി മറയാറുണ്ട്.

(സച്ചിദാനന്തന്‍)

Saturday, November 27, 2010

ലയം

നിന്‍റെ കണ്ണുകളെ
നേരിടാനാവാതെയാണ്
ഞാന്‍ കാപ്പിക്കപ്പിനു
മുന്നിലെ അപരിചിതനോട്
സൗഹൃദം നടിച്ചത്‌.

നിന്‍റെ വിരല്‍ത്തുമ്പിലെ
ഊഷ്മളത എന്നില്‍
വര്‍ണ്ണങ്ങള്‍ നിറച്ചപ്പോഴാണ്
ഞാന്‍ ഇടവഴിയിലെ
നിഴലിലേക്ക്‌ മാഞ്ഞുപോയത്.

നിന്‍റെ അധരങ്ങളിലെ നനവ്
ഹൃദയത്തിന്‍റെ ആഴത്തിലേക്ക്
പടര്‍ന്നപ്പോഴാണ്
ഞാനൊരു നെയ്യാമ്പലായി
നീല ജലാശയത്തില്‍
മിഴി തുറന്നത്.

നിന്‍റെ സ്വരത്തിലെ ആര്‍ദ്രത
മേനിയെ തലോടിയപ്പോഴാണ്
ഞാന്‍ നിലാവിന്‍റെ
ഒരലയായി ഭൂമിയില്‍
അലിഞ്ഞു ചേര്‍ന്നത്‌

കവിത എഴുതിയത്:- മേരി ലില്ലി

ജനിമൃതിയുടെ തീരങ്ങള്‍-മേരി ലില്ലി

പിരിയുന്ന നേരത്ത്
ഇടവഴിയില്‍ നിറയെ
വീണുകിടന്ന വയലറ്റ്‌
പൂവിന്‍റെ പേര്
നിന്നോട് ചോദിക്കണം
എന്നോര്‍ത്തിരുന്നു.

അക്കരെയ്ക്ക് പോകാന്‍
തിടുക്കപ്പെട്ട തോണിക്കാരന്റെ
കൊതുമ്പു വള്ളത്തില്‍
നീ പൊടുന്നനെ കയറിയതിന്റെ
അങ്കലാപ്പില്‍
ഞാനത് മറന്നു പോയി.

കാറ്റു ചേക്കേറാത്ത
വാടക വീട്ടിലെത്തിയപ്പോഴാണ്
ഞെട്ടറ്റ പൂക്കളും
നിന്റെ മുഖവും വീണ്ടും
തെളിഞ്ഞു വന്നത്.

വയലറ്റ്‌ പൂക്കള്‍
മൃത്യുവിന്റെ ഉടയാടയാണെന്ന്
മുമ്പൊരു ഹേമന്ത സന്ധ്യയില്‍
നീ പറഞ്ഞിരുന്നത്
ഇപ്പോഴെനിക്ക്‌
ഓര്മ്മ വരുന്നുണ്ട്.

ഒരിക്കലും നാം തമ്മില്‍
കാണുകയില്ല.
ജനിമൃതിയുടെ
അക്കരെയും ഇക്കരെയും
ആണല്ലോ നാമിനി
പഴയത് പോലെ
ഒരു കണ്ണ് പൊത്തിക്കളി.

Friday, November 26, 2010

ചാക്കോയും മരണവും...(സാബു ജോസഫ്‌)


ഞാന്‍ മരിച്ചു !!

ഈ ഞാനെന്നു വച്ചാല്‍ ഒരു പേരൊക്കേ വേണ്ടേ ?

x or y ?

ഏയ്‌; അതു ശരിയാകില്ല...ശരിയായ പേരില്‍ തനൈ അറിയട്ടെ.

ചാക്കോ - പുത്തന്‍പുരക്കല്‍ ചാക്കോ- അങ്ങനെ ചാക്കോ എന്ന (വയസ്സ്‌ 32, അഞ്ച്‌ ഏക്കര്‍ സ്ഥലം, ഒരു ഭാര്യ (?) രണ്ട്‌ മക്കള്‍ എന്നിവ സ്വന്തക്കാരനായുള്ള) ഈ ഞാന്‍ മരിച്ചു.

മരണം രാവിലെ 7.35-നായിരുന്നു. പ്രഭാതത്തിലെ ദില്ലി വാര്‍ത്തകള്‍ക്ക്‌ ശേഷം. അതുവരെ മരണത്തെ ഞാന്‍ തടഞ്ഞുനിര്‍ത്തി. ഒരു ദിവസത്തെ വാര്‍ത്തകളറിയാതെ എങ്ങനെ ചാകും ? ചത്തുകഴിഞ്ഞാലും ഒരു മന:സമാധാനം ഒക്കെ വേണ്ടേ.....?

അല്ലെങ്കില്‍ അമേരിക്ക ഇറാക്കില്‍ എത്ര ബോംബ്‌ പൊട്ടിച്ചു, അച്ചുമാമനോ അതോ പിണറായിയോ അങ്കം ജയിച്ചത്‌, സച്ചിന്‍ തന്റെ 50th സെഞ്ചുറി അടിച്ചോ.....? ഇങ്ങനെ പോകും പെട്ടിയില്‍ കിടന്നുള്ള എന്റെ ചിന്തകള്‍..... അതുകൊണ്ടാണ്‌ മരണത്തെ 7.35 വരെ തടഞ്ഞുനിര്‍ത്തിയത്‌.

9 മണിയുടെ ദൂരദര്‍ശന്‍ ന്യൂസ്‌ കൂടി കാണണമെന്നുണ്ടായിരുന്നു; അതിച്ചിരി കടന്ന ആശയായതുകൊണ്ട്‌ അങ്ങ്‌ ഒഴിവാക്കി.......

ആദ്യം അറിഞ്ഞത്‌ എന്റെ ഭാര്യ ആണ്‌. നെറ്റിചുളിക്കേണ്ടാ...., ഞാന്‍ താലി കെട്ടിയ, ഇന്നു മുതല്‍ മരണം വരെ എന്ന്‌ വിശുദ്ധ ബൈബിള്‍ മുബാകെ സത്യം ചെയ്ത്‌, കൈ പിടിച്ച്‌ ഞാന്‍ കൂട്ടികൊണ്ട്‌ വന്ന എന്റെ സ്വന്തം ഭാര്യ തന്നെ.

ദിനചര്യുടെ ആദ്യപടിയെന്നവണ്ണം തന്റെ കണവന്‌ കട്ടന്‍ കാപ്പിയുമായി വന്നതാണ്‌ കണവി. പതിവിന്‌ വിപരീതമായി ആബറന്നോന്‍ കണ്ണു രണ്ടും തുറിച്ച്‌, വാ അടച്ച്‌ കിടക്കുന്നു. എന്നും കണികാണുന്നത്‌ ഈത്ത ഒലിച്ച പാടുകളോടെ പൊളിച്ച വായുമായി കിടക്കുന്ന കണവനെയാണ്‌.

ക്ഷണം വാര്‍ത്ത നാട്ടുകാര്‍ അറിഞ്ഞു. കാരണം പെബറന്നോത്തിയുടെ പെരുബറ പോലുള്ള നെഞ്ചത്തടി ശബ്ദം പറബില്‍ ഭൂമികുലുക്കം എന്ന്‌ വിചാരിച്ച്‌ നാട്ടുകാര്‍ ഓടികൂടി....കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത്‌ വിരല്‍ വച്ചു.

'എന്തു നല്ല ചെറുപ്പക്കാരനായിരുന്നു!!! ഇതാ പറയുന്നത്‌ ദൈവത്തിന്‌ കണ്ണ്‌ കാണില്ല എന്നു്‌ '.

ഇനി ഒരു പത്തു ഓണം കൂടി ഉണ്ണാന്‍ തയ്യാറായി കുഴിയിലേക്കു്‌ കാലും നീട്ടിയിരിക്കുന്ന അമ്മായിയമ്മമാരെ നോക്കി മരുമക്കള്‍ പറഞ്ഞു.

പള്ളിയില്‍ ഒറ്റയും പെട്ടയും മണി അടിച്ചു...ആളുകള്‍ ഓടിക്കൂടി...അവരോടായി വികാരിയച്ചന്‍ പറഞ്ഞു;

"പുത്തന്‍പുരക്കല്‍ ചാക്കോ, കര്‍ത്താവില്‍ വിലയം പ്രാപിച്ചിരിക്കുന്ന വിവരം വ്യസന സമേതം അറിയിക്കുന്നു".

എന്റെ മരണവാര്‍ത്തയറിഞ്ഞ്‌ കുറച്ച്‌ പേര്‍ ഞെട്ടും എന്നെനിക്കുറപ്പുണ്ടായിരുന്നു.

ഞെട്ടി; ആദ്യം ഞെട്ടിയത്‌ എന്റെ അമ്മായിയപ്പനാണ്‌.!!

നെറ്റിചുളിക്കേണ്ടാ, എന്റെ ഭാര്യ തെയ്യാമയുടെ അപ്പന്‍!!! മകള്‍ വിധവ ആയതുകൊണ്ടല്ല, ആരും അറിയാതെ അബതിനായിരം രൂപ മരുമകനു്‌ കൊടുത്തിരുന്നു. സ്വന്തം മകള്‍ തെയ്യാമ പോലും സംഗതി അറിഞ്ഞിട്ടില്ല. തന്റെ അബതിനായിരവും അതിന്റെ പലിശയും വെള്ളത്തിലായല്ലോ എന്റെ കര്‍ത്താവെ എന്നോര്‍ത്ത്‌ അവറാന്‍ (അമ്മായിയപ്പന്റെ പേരാണ്‌ കേട്ടോ...നാട്ടുകാര്‍ വിളിക്കുന്നത്‌ എരപ്പനവറാന്‍- ഞാനങ്ങനെ വിളിക്കുന്നത്‌ ശേലുകേടല്ലയോ....?) ആദ്യത്തെ അടി ചങ്കിന്‌ തന്നെ കൊടുത്തു.

വിവരം അറിയിച്ച്‌ ചെന്നവര്‍ പരസ്പരം പറഞ്ഞു,

" എന്ത്‌ സ്നേഹമുള്ള അമ്മായിയപ്പന്‍ !!!"

ഇനി വീട്ടിലേക്ക്‌ തന്നെ മടങ്ങി വരാം. ഒട്ടുമിക്ക ബന്ധുക്കളും തന്നെ വന്നെത്തിയിരിക്കുന്നു. തലക്കിലിരിക്കുന്ന സാബ്രാണിയുടെ മണം എനിക്കത്ര പിടിക്കുന്നില്ല. ഇവന്മാര്‍ക്ക്‌ ഇത്തിരി വിലകൂടിയത്‌ മേടിച്ച്‌ വയ്ക്കാന്‍ മേലേ....?

പുറത്ത്‌ മരണ ഒപ്പീസ്‌ തകര്‍ത്തടിക്കുന്നു. ഒപ്പം കട്ടന്‍ ചായ വിതരണവും. ചെറുപ്പക്കാര്‍ കയ്യാലപുറത്തിരുന്ന്‌ ക്ഷണികമായ മനുഷ്യജീവിതത്തേക്കുറിച്ച്‌ ചര്‍ച്ച നടത്തുന്നു. എന്റെ സ്നേഹിതരും, സമപ്രായക്കാരും ഞാന്‍ ചെയ്ത ഓരോ കാര്യങ്ങളും എണ്ണിപറഞ്ഞ്‌ ഇരിക്കുന്നു;

എല്ലാം നല്ല കാര്യങ്ങളാണേ......!!! അല്ല, മോശം കാര്യങ്ങളൊന്നും വെളിച്ചത്ത്‌ ചെയ്തിട്ടില്ല....അതാ പറയുന്നത്‌ അര്‍ദ്ധരാത്രിക്ക്‌ സൂര്യനുദിക്കണമെന്ന്‌.....

പ്രായമായവരോ ഇന്ന്‌ ഞാന്‍ നാളെ ആര്‌ എന്നോര്‍ത്ത്‌ ആകുലപ്പെട്ടുകൊണ്ട്‌ താലത്തില്‍ കൊണ്ടുവച്ച മുറുക്കാന്‍, പുകയിലാദികള്‍ ഒരു ദാഷിണ്യവും കൂടാതെ ഓസില്‍ വായിലേക്കിടുന്നു.

എന്റെ രണ്ട്‌ തങ്കകുടങ്ങള്‍ സയാമീസ്‌ ഇരട്ടകളേപ്പോലെ കെട്ടിപ്പിടിച്ച്‌ ഉറങ്ങുന്നു. മരണം വരെ നോക്കിക്കൊള്ളാം എന്ന്‌ ഉറപ്പ് കൊടുത്ത്‌ താലികെട്ടികൊണ്ടുവന്ന എന്റെ സ്വന്തം ഭാര്യ എന്റെ തലക്കല്‍ തലയില്‍ കൈയും കൊടുത്തിരിക്കുന്നു.

ഞാനോ.....ഞാന്‍ എവിടെ എല്ലാം കണ്ടുകൊണ്ടും, കേട്ടുകൊണ്ടും, അറിഞ്ഞുകൊണ്ടും അനങ്ങാനാവാതെ, പ്രതികരിക്കാനാവാതെ വാഴത്തടിപോലെ വെള്ളവിരിപ്പിനടിയില്‍ കിടക്കുന്നു.....ശവമായി.....

ലവ് ജിഹാദ്

മുമ്പ്‌ പുളകത്തിന്റെ പൂത്തിരികള്‍ കത്തിയിരുന്ന പ്രണയത്തില്‍ നിന്ന് ഇപ്പോള്‍ബോംബുകള്‍ പൊട്ടിത്തെറിക്കാന്‍ തുടങ്ങിയിരിക്കുന്നു..ആര്ദ്രതയുടെഅകത്തളങ്ങള്‍ ,ഭീകരവാദികളുടെ ആയുധപുരകള്‍ആയിത്തീര്‍ന്നിരിക്കുന്നു.മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് ഗുരുപറഞ്ഞത്,ഉസാമ ബിന്‍ ലാദിന്‍ ഉണ്ടാവുന്നതിനും എത്രയോ മുമ്പായിരുന്നെന്നുഒരുത്ഖണ്ടയോടെ ഇന്ന് നാം തിരിച്ചറിയുന്നു.
"പെരുകും പ്രണയനുബന്ധമാമൊരു പാശം വശമാക്കി ഈശ്വരാ/കുരുതിക്കുഴിയുന്നു നാരിയെ /പുരുഷന്മാരുടെ ധീരമാനിത".പ്രണയം നടിച്ചുള്ളപറ്റിക്കലിന്റെ "ഭീകരത" മുമ്പേ തിരിച്ചറിഞ്ഞാണ്‌ ആശാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌'ഇങ്ങനെ ' എഴുതിയത്‌.പുരുഷന്റെ പ്രണയം തന്നെ 'സ്ത്രീ ശാക്തീകരണത്തില്‍വിള്ളലുണ്ടാക്കുന്ന ' ഒരു പിന്തിരിപ്പന്‍ ശ്രമമാണെന്ന് 'റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍'മുമ്പേ കണ്ടെത്തി കഴിഞ്ഞതാണ് .അവള്‍ ചിരിച്ചാല്‍ തുപ്പല്‍ തെറിക്കുംഎന്നെഴുതുന്നതിനു പകരം മുത്ത്‌ കൊഴിയും എന്നുള്ളത് സ്ത്രീശാക്തീകരണത്തില്‍ ചോര്‍്ച്ചയുണ്ടാക്കാന് വേണ്ടി ഒരു പ്രണയപരവശന്‍എഴുതിയ കള്ളമാണ്.ചാക്കുകണക്കിനു ചക്കര വാക്കുകളില്‍ വെച്ചാണ്‌ പ്രണയംമധുരിക്കുന്നത്.ഹവ്വയോടുള്ള ആദമിന്റെ പ്രണയമാണ് പറുദീസാ പൊളിച്ചത്‌.
ഇതും ഇതിലപ്പുറവും മനസ്സില്‍ കണ്ടാവണം ഡോണ ഇസബെല്‍ ,ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസിന് സര്‍വ ബ്രാന്‍ഡില്‍ പെട്ട പ്രണയത്തെയും നിശിതമായി വിമര്ശിച്ചുകൊന്ടെഴുതിയത്:" എന്റെ അഭിപ്രായത്തില്‍ പ്രേമം ഒരു കരള്‍ രോഗമാണ് .ആത്മഹത്യാ തുടങ്ങിയ മാരക ഫലങ്ങള്‍ ഉള്ള രോഗം. ആണിലായാലും പെണ്ണില്‍ ആയാലും പ്രണയം എന്നാ വികാരം തുടങ്ങുന്നത് പോഷകാഹാര കുറവ് കൊണ്ടോ ,അല്ലെങ്ങില്‍ അമിത പോഷകംശമുള്ള ഭക്ഷണ ശീലം കൊണ്ടോ ആവാം പ്രണയം സംബന്തിച് ഏറ്റവും മോശപ്പെട്ട വസ്തുത പ്രകടന പരത,വിഡ്ഢിത്തം ,പ്രദര്‍ശനപരത എന്നിവയുമായി അതിനുള്ള അടുത്ത ബന്ധമാണ് .പക്ഷെ ഈ വികാരത്തിന്റെ പ്രത്യക്ഷമായ ആവിഷ്കരങ്ങളാകെ എത്രയും ഉദാത്തമയിട്ടയിരിക്കും ഈ രോഗം പിടിച്ചവര്‍ക്ക് തോന്നുക "...വിമാന റാഞ്ചല്‍ ,ബോംബ്‌ സ്ഫോടനം എന്നിവയുടെ വകുപ്പില്‍ ഇപ്പോള്‍ ഉള്പെടുത്തിയിരിക്കുന്ന ലവ് ജിഹാദിനെ കുറിച്ച് പ്രത്യേകിച്ചൊന്നും ഡോണ ഇസബെല്‍ പറഞ്ഞതായി അറിവില്ല..
"വാക്കേ വാക്കേ കൂടെവിടെ ?" എന്ന് കവികള്‍ മുന്പ് ചോദിച്ചു.ഇന്ന് 'ലവ്ജിഹാതെ ' നിന്റെ വീടെത് ,വേരെവിടെ എന്ന് ചോദിയ്ക്കാന്‍ നാംനിര്‍ബന്ധിതരാണ്‌ ... പഴയ 'ചെത്ത്‌ ' പോലെ എത്ര പെട്ടെന്നാണ് ഈയൊരുവാക്കും ക്ലിക്കയത്.! വരവേല്‍ക്കാന്‍ ആരൊക്കെയോ കത്ത്നില്‍ക്കുകയയിരുന്നെന്നു തോന്നും !.. shakespear വിജാരിചിട്ടുണ്ടാവില്ല ,തന്‍റെറോമിയോ കേരളത്തില്‍ ജിഹാദ് നടത്തും എന്ന് .!ചങ്ങമ്പുഴ ഒര്തിട്ടുണ്ടാവില്ലമുസ്ലിം രമണന്മാരിങ്ങനെ ,തരുണിമാരെ മതം മാറ്റി ,ആളൊന്നുക്ക് ലക്ഷങ്ങള്‍വാങ്ങി ,തൂങ്ങി ചാവാതെ 'കൊഴുത്ത്' കഴിഞ്ഞു കൂടും എന്ന് !..ചെത്തിനുപെരിനെന്ഗിലുമൊരു പഴയ കള്ള് ചെത്തുമായി ചെര്ച്ചയുണ്ട് ..എന്തൊക്കെപറഞ്ഞാലും ,ചെത്ത്‌ മലയാളമല്ലെന്നര്‍ക്കും പറയാന്‍ കഴിയില്ല. എന്നാല്‍കേരളത്തില്‍ പ്രത്യക്ഷപെട്ട 'ലവ് ജിഹാദ് ' മലയാളിയല്ല ,ഒരു ഇന്ഗ്ലിഷ്അറബിയാണ് . ഇംഗ്ലീഷ് ലവ് പഴയ ചന്ദ്രികയുടെ 'കൊച്ചുമകളുടെരാഗവായ്പ്പിലചനുമമ്മയ്ക്കുമെന്തു തോന്നാന്‍ ' എന്ന ചിന്തയിലോതുങ്ങും.!!എന്നാല്‍ ജിഹാദ് ,വെറുതെ ഒരു രസത്തിനു വേണ്ടി ആളെകൊല്ലുന്ന അറബിക്രൂരതയുടെ ചുരുക്കം ആയിട്ടാണ് ഒരു കയ്യില്‍ ഖുര്‍ ആനും മറു കയ്യില്‍വാളുമുയര്‍ത്തി നിക്കുന്നത്!. ജോലി ചെയ്യുന്നത് ജീവിക്കാന്‍ ,ജീവിക്കുന്നത്സ്നേഹിക്കാന്‍ ,സ്നേഹിക്കുന്നത് 'കൊല്ലാന്‍ ' എന്ന 'ലവ് ജിഹാദ്' മുദ്രാവാക്യംസര്‍വ ശക്തമായ കമ്പോളത്തിന് സഹിക്കുമോ ?. work to live ,live to love to shop എന്നസ്വന്തം മന്ത്രത്തിലെ നിര്‍വൃതിയുടെ നുക്ലിയസ് വാക്യമായ love to shop നെ love to jihad എന്ന് തിരുത്തി എഴുതുമ്പോഴത് കമ്പോളം പൊറുക്കുമോ ? ജോലിചെയ്യുന്നതെന്തിന് ,'ജീവിക്കാന്‍' ,ജീവിക്കുന്നതെന്തിന് 'സ്നേഹിക്കാന്‍' ,സ്നേഹിക്കുന്നതെന്തിന്,'പീടികയില്‍ പോകാന്‍' എന്നതിലോതുങ്ങിയിരുന്നുസ്നേഹത്തെ കുറിച്ചുള്ള കമ്പോള കാഴ്ചപ്പാട് .എന്നാലിപ്പോള്‍ 'ലവ് ജിഹാദ്'പറയുന്നത് സ്നേഹിക്കൂ ആളെ കൊല്ലൂ എന്നാണത്രേ
ഇനിയെങ്ങനെ നാം പൂവിന്റെ മന്ദസ്മിതങ്ങളില്‍ കിടന്നുറങ്ങും .ലവ് ജിഹ്ടില്‍വെച്ച് 'കടലിലെ ഓളം ' മാത്രമല്ല 'കരളിലെ മോഹവും ' ഓമനേ ഒടുങ്ങി തീരും.വ്യത്യസ്ത മതത്തില്‍ പെട്ട സഹപാഠികള്‍ ഒന്നിച്ചു ബസില്‍സഞ്ചരിക്കുന്നതിനെതിരെ രാമസേനയുണ്ടാക്കിയ പ്രമോത് മുതലിക്കിനെയുവതികള്‍ ആദരിച്ചത് സ്വന്തം അടിവസ്ത്രങ്ങള്‍ പാര്‍സല്‍അയച്ചാരുന്നു.അതൊക്കെ നാം എത്ര വേഗമാണ് മറന്നത്. !
മതം മാറി ,ജാതി മാറി കളിക്കരുതെന്ന പറയപ്പെടാത്ത 'ശാസനം' തലമുറകള്‍തോറും ആരുടേയും പ്രത്യേക മേല്‍നോട്ടതിലല്ലാതെ ഇവിടെ പ്രജരിച്ചു പോരുന്നുണ്ടാരുന്നു.നവോത്ഥാന ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് അദ്രിശ്യമായ ആ മതില്‍ സമൂഹത്തിനു മുന്‍പില്‍ ദ്രിശ്യമാക്കാന്‍ കഴിഞ്ഞു .മിശ്ര ഭോജനവും മിശ്ര വിവാഹവും ആ മതിലിനു മുന്‍പില്‍ നിന്ന് മുഷ്ടി ചുരുട്ടി .എന്നാലിപ്പോള്‍ ലവ് ജിഹാദിന്റെ മറവില്‍ ആ മതിലിനിയും വല്ലാതെ പൊക്കം കൂടാനാണ് പോകുന്നത് .അതിനുമപ്പുറം ആ മതിലില്‍ കുപ്പിച്ചില്ലുകള്‍ പതിക്കാനും ,"അകത്ത്നായ ഉണ്ടെന്നും " എഴുതി വെക്കാനും സാധ്യത ഉണ്ട്‌ എന്നതിനാല്‍പ്രനയിനികലേറെ ജാഗ്രത പുലര്തണമെന്ന് അപേക്ഷിച്ച് കൊള്ളുന്നു .പഴയപ്രനയങ്ങള്കൊക്കെയും പരിക്കേല്‍ക്കുംവിധം പുതിയ കൊമ്ബുകളുമായി ലവ്ജിഹാദ് വന്നു കഴിഞ്ഞു .
ലോകത്ത് ലവിനു പോലും ജിഹാദിന്റെ നഖങ്ങളും ദാമ്ഷ്ട്രകളും ഉണ്ട്‌.അതുകൊണ്ടാവണം 'സുലേഖാ നീ മറ്റൊരു കാലത്ത് പിറക്കെണ്ടവളാണ് ' എന്ന്സച്ചിതാനന്തന്‍ മുന്‍പ് തന്നെ എഴുതിയത് .ഭരണകൂടത്തിന്റെ കഴുകന്‍ കണ്ണുകള്‍കാര്യങ്ങളുടെ വേര് കാണുന്നതിനു എത്രയോ മുന്പ് ,ക്രാന്ത ദര്ഷികലായകവികള്‍ സ്നേഹത്തെ കാത്തിരിക്കുന്ന ദുരിതങ്ങലത്രയും നന്നായികണ്ടിരിക്കുന്നു.!!.ഒരു നരച്ച കരിമ്പടം പോലെ ലവ് ജിഹാദ് നാളെ നമ്മെയുംകുഴിച് മൂടും .മഴവില്ലിനും മയില്‍പീല്ലിയ്യ്ക്കും അപ്പുറം നിന്ന് മനുഷ്യത്വത്തിന്വേണ്ടി നമ്മള്‍ അന്ന് നമ്മലോരുമിച് നട്ട ചെടികലത്രയും അവര്‍ പിഴുതുകളയും.പഴയ കാല്‍പനിക പ്രണയ കാവ്യങ്ങള്‍ക്ക് പുതിയ രാഷ്ട്രീയ അര്‍ഥങ്ങള്‍തുറക്കുന്ന തിരക്കില്‍ നിന്നിനി ,ലവ് ജിഹാദ് എന്നാ താക്കോല്‍ പദത്തിനുമാറിനില്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല
ഒരു പ്രണയം പൊളിക്കാന്‍ വേണ്ടി മാത്രം എന്നെയൊരു ഭീകരവാതിയക്കരുതേഎന്ന് മാത്രമായിരിക്കും രക്ഷിതാക്കല്‍കൊപ്പം കോടതിയില്‍ വരുന്ന മുന്‍പ്രണയികളോട് ചകിതരായ പഴയ ആണ്‍ പ്രണയികള്‍ നാളെ മുതല്‍അപേക്ഷിക്കാന്‍ പോകുന്നത് .'നക്ഷത്രങ്ങളെ തീപ്പെട്ടിക്കുള്ളിലക്കിതരാം 'എന്നൊക്കെ പറഞ്ഞ അതെ നാവുകൊണ്ട് 'എന്നെ ഒറ്റിക്കൊടുക്കല്ലേ 'എന്നപേക്ഷിക്കുമ്പോള്‍ ആര്‍ദ്രമായ മനുഷ്യബന്ധങ്ങളുടെ ആകാശത്തുനിന്നും ഒരുനക്ഷത്രം കൂടി മിഴി പൊത്തുന്നുണ്ടാവും

കൊച്ചു നഷ്ടങ്ങള്‍-ഹാരിസ്‌ എടവണ്ണ

സായം സന്ധ്യകള്‍,അസ്തമയം,വൈകുന്നേരം...കേള്‍ക്കാന്‍തന്നെ

സുഖമുള്ള വാക്കുകളാണു.അനുഭവത്തില്‍ അതിലേറെ

മനോഹരമായിരിക്കും.പക്ഷെ 5 വര്‍ഷമായി ഞാനീ വാക്കുകളെ

വായിക്കുക മാത്രം ചെയ്യുന്നു.കാരണം 5 വര്‍ഷമായി ഞാന്‍

പത്രലോകത്തു സങ്കേതിക വിഭാഗത്തില്‍ ജോലിചെയ്യുന്നു.

നാട്ടിലും ഖത്തറിലുമായി വൈകുന്നേരങ്ങള്‍ക്കു എന്നെ അന്യനാക്കിയ

വര്‍ഷങ്ങള്‍..

കൂട്ടിലേക്കു തിരിച്ചു പറക്കുന്ന കിളികളെയോ,പടിഞ്ഞാറു ചുവപ്പിക്കുന്ന

അസ്തമയ സൂര്യനേയോ,ഓര്‍മ്മകളുടെ മണമേറി വരുന്ന സായാഹ്നങ്ങളൊ

നഷ്ടമായവരാണു പത്രലോകത്തിലെ അധികപേരും.ഏറെ വൈകിയുണരുന്നതുകൊണ്ട്

പ്രഭാതവും നഷ്ടപ്പെടുന്നു.ഉദയവും അസ്ത്മയവും കാണാനാവത്തവരുടെ ലോകത്തെപ്പറ്റി

ആരും പറയുന്നില്ല.പക്ഷെ അവരെല്ലാവരെ പ്പറ്റിയും എഴുതുന്നു.മറ്റുള്ളവരുടെ പ്രയാസങ്ങളെ

കുറിച്ചു,നീതി നിഷേധത്തിനെതിരെ.....അങ്ങിനെ അങ്ങിനെ....കൌതുകം തന്നെ,അല്ലേ?

മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ നമ്മുടേതു കൂടിയാവുകയും,പ്രയാസങ്ങള്‍ നമ്മളെക്കൂടി

പ്രയാസപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഞാന്‍ എന്നതില്‍ നിന്നും നമ്മളെന്ന

ബഹുവചനത്തിലേക്കെത്തുന്നു.

എന്തിരുന്നാലും ചെറിയൊരാശ ഞാനും കാത്തുവെക്കുന്നു.ഒരു മാറ്റം.

പ്രഭാതത്തിലെ നവോന്മേഷവും വൈകുന്നേരങ്ങളിലെ ഓര്‍മ്മകളിലെ

പാതയോരങ്ങളിലൂടെയുള്ള സവാരിയും എന്റെ ജീവിതത്തിലേക്കും

കടന്നുവരാന്‍ പ്രാര്‍ത്ഥിക്കുക.

Tuesday, November 23, 2010

രണ്ടു കവികൾ കണ്ടുമുട്ടിയാൽ? (ഹാരിസ്‌ എടവണ്ണ)

രണ്ടു കവികൾ കണ്ടുമുട്ടിയാൽ

ആത്മാക്കൾ ഇറങ്ങിപ്പോവും

അവർ പിരിഞ്ഞു പോവും വരെ

കവിതകൾ

കോട്ടു വായിട്ടുകൊണ്ടേയിരിക്കും

അക്ഷരങ്ങൾ ഇങ്ങിനെ പീഡിപ്പിക്കരുതെന്നു

മൌനമായിദൈവത്തോട് പ്രാർത്ഥിക്കും

പരദൂഷണത്തിന്റെമാലാഖമാർ

ചെകുത്താന്റെ

സ്തുതിഗീതങ്ങൾപാടി നടക്കും

രണ്ടു കവികൾ കണ്ടുമുട്ടിയാൽ

പരസ്പരം മഹാകവികളായി

ഉയർത്തപ്പെടും

കവയത്രികൾ

വസ്ത്രാക്ഷേപം നടത്തപ്പെടും

കവികൾ

കണ്ടുമുട്ടാതിരിക്കട്ടെ..........

Saturday, November 20, 2010

പ്രണയവിവാഹം

അന്നുകണ്ട നീലിമയൊന്നുമീ

കണ്ണിനിന്നില്ല

പൂക്കാലം തന്നെയന്നു

പൂ പോലുമല്ലിന്നു.

കാത്തു കേള്‍ക്കാന്‍,

കൊഞ്ജി നീ മൊഴിയുമ്പോള്‍

മധുമൊഴിയെന്നത്ര വട്ടം മൊഴിഞ്ഞു

പറയട്ടെ കര്‍ണ്ണ കഠോരമെന്നു

പതിയെ നീ പറഞ്ഞാലുമിന്നു.

കഥ പറഞ്ഞുറങ്ങാത്ത

രാവുകളെത്ര വേഗം മറഞ്ഞു

പറയാതെ,നെടുവീര്‍പ്പുമായി

തിരിഞ്ഞു കിടന്നു കൂര്‍ക്കം വലീക്കുമീ

രാവുകളിനിയെത്ര താണ്ടണം.

പുകപിടിച്ചാ പഴയ ഫോട്ടൊയില്‍‍

ഒരുമിച്ചു നില്‍ക്കുമാ ചേര്‍ച്ചയെ

ഒരുവട്ടം കൂടി നോക്കി

ഒരുമിച്ചൊരു വാക്കു പറയാമിന്നു

.....................

പ്രണയം ഹൃദ്യമായമണ്ടത്തരമാണു...


(ഹാരിസ്‌ എടവണ്ണ)

ഒടുക്കം

കവിത

കരച്ചിലാവുമ്പോള്‍

പിരി‍ഞ്ഞുപോകും നീ

വാക്കും വരിയുമര്‍തഥവും

നിന്നൊപ്പം

നടന്നുപോകുമ്പോള്‍

മഴയെക്കൂടെയൊപ്പംവിളിക്കുക

ഗ്രീഷ്മ രാത്രികളില്‍

വിളക്കില്ലാത്ത

അലാവുദ്ദിന്റെകഥ

പറയണമെനിക്കു.

ഒടുക്കം ഞാന്‍.

കവിത

തോറ്റുപോയവന്റെ

പിടച്ചിലാണെന്നുപറയും


(ഹാരിസ്‌ എടവണ്ണ)

പെങ്ങള്‍

മൊഞ്ജില്ലാത്തവള്‍

പെണ്ണായി പിറക്കരുതെന്നു

കാണാന്‍ വന്നവരൊക്കെ

പെങ്ങളെ ഓര്‍മ്മിപ്പിച്ചു

പുകയേറ്റു

മച്ചിലെ തേങ്ങപോലെ

ഉണങ്ങിപ്പോയ ഉമ്മ

അടുത്ത വിലപറച്ചിലുകാരന്പലഹാരമുണ്ടാക്കാനേതു

കടയില്‍കടം പറയുമെന്ന

ആധിയിലാണു

ഉപ്പ ചുമച്ചുതുപ്പുന്ന

കഫത്തിലെ ചുവപ്പില്

‍ചോര്‍ന്നൊലിക്കുന്നൊരു ഖല്‍ബുണ്ട്

അഴകും പൊന്നുംപണവും

വേണ്ടാത്തിടത്തേക്കുപെങ്ങള്‍

മണവാട്ടിയായിപോയപ്പോഴാണു

ഉപ്പയൊരു സ്വകാര്യംപറഞ്ഞതു

‘ഓളെ ഖബറുപുറത്തെങ്കിലും

ഒരു മൈലാഞ്ജിച്ചെടിനടണം


(ഹാരിസ്‌ എടവണ്ണ)

ഉമ്മ സ്വപ്നം

പകല്‍ തിരക്കുകളില്‍

ഉമ്മ വരാറില്ല

കാത്തിരിക്കുന്നുവെന്നോര്‍മ്മപ്പെടുത്താന്‍

ജീവിതം പാതിപകുത്തെടുത്തവള്‍

മിസ്സ് കോളുകളടിക്കുംനേരവും

ഉമ്മയോടു മിണ്ടിയിട്ടെത്ര

കാലമായെന്നോര്‍ക്കാറില്ല.

വാക്കിനെ മെരുക്കി

കവിതയാക്കിയൊന്നടുക്കിവെക്കുവാന്‍

രാവിലുറങ്ങതിരിക്കുമ്പോഴും

ഉമ്മമാത്രമൊരു വരിയായെത്തുന്നില്ല

എന്നാലും പനിച്ചും ചുമച്ചും

ദുസ്വപ്നങ്ങളില്‍ ‍ഒറ്റക്കുറങ്ങുമ്പോള്‍

നിറുകയില്‍ ചുംബിച്ചുറാങ്ങാതെ

നീറുന്നൊരുമ്മ സ്വപ്നം

കാതുനോവിക്കാതെപ്രാര്‍ത്ഥിക്കാറുണ്ട്

ദെണ്ണം മാറുംവരെയും

കണ്ണടയാതെ കൂട്ടിരിക്കാറുണ്ട്


(ഹാരിസ്‌ എടവണ്ണ)

അമ്മ

അമ്മയെ കണ്ടില്ലൊരിക്കലും

തിരക്കൊഴിഞ്ഞു..

അടുക്കളയില്‍,തൊടിയില്‍

ഉമ്മറക്കോലായില്‍

‍അച്ചന്റെ ചാരുകസേരക്കുപിറകില്‍

അമ്മയെ കണാത്തൊരിടമില്ല.

അമ്മയൂട്ടി വിരുന്നുകാരെ

വീട്ടുകാരെ.

അച്ചന്റെ ശകാരം കേട്ടു

ഉപ്പു കുറഞ്ഞതിനു

മുളകു കൂടിയതിനു

കഞ്ഞിപ്പശ മുക്കാന്‍ മറന്നതിനു...

വഴക്കു കൂടി ,ബഹളം വെച്ചു

സഹായിയായി ഞങ്ങളും..

എല്ലാം അമ്മയോടുചോദിച്ചു

അമ്മയെപ്പറ്റിയൊഴികെ

അമ്മ ശാസിച്ചു

തലയിലെണ്ണതേക്കാത്തതിനു

വെയിലില്‍ വാടിവന്നപ്പോള്‍

പനികിടക്കകളില്‍അമ്മയുംകൂടെ

പൊള്ളി പനിച്ചു.

നുള്ളിപെറുക്കിഅമ്മകൂട്ടിയനാണയതുട്ടുകള്

‍ഉത്സവകാഴ്ചയായി

അമ്മയ്ക്കു സ്വന്തമായി

കരിഞ്ഞ കൈതപ്പൂ മണമ്മുള്ളൊരു

തുരുമ്പിച്ച തകരപ്പെട്ടി

നിറം മങ്ങിപ്പോയൊരു

പഴയ സാരി.

...................

...................

.....................

ഇന്നലെയായിരുന്നുഅമ്മമരിച്ചതു


(ഹാരിസ്‌ എടവണ്ണ)

കാണാതാവുന്ന പെണ്‍കുട്ടികള്‍ -ഹാരിസ്‌ എടവണ്ണ

സരള,ശാരദ,സൈനബ

അവസാനം കാണ്മാനില്ലാത്തതു

ഇവരാണത്രെ.

വെളുപ്പിനിറങ്ങിയവള്‍,

ഉച്ചക്കു തയ്യലിനു പോയവള്

‍വൈകീട്ടു ചന്തക്കു പോയവള്‍

ഇറങ്ങിയ സമയമിങ്ങനെതരം തിരിച്ചിട്ടും

ആരും തിരിച്ചെത്തിയിട്ടില്ല.

ഡ്രൈവറാണത്രെ കാമുകന്‍,

പാറപ്പണിക്കാരന്‍ തമിഴന്‍ നോക്കിച്ചിരിച്ചത്രെ..

കുപ്പിവളക്കാരനോടു കിന്നാരം പറഞ്ഞത്രെ...

കേസുപുസ്തകം മറിച്ചിട്ടും

വീണ്ടും പേരു ചേര്‍ത്തും

ഏമാന്മാര്‍ കേസിനൊരുതുമ്പുതപ്പി,

ഒടുക്കം പറഞ്ഞൂ..

വിറ്റുപോയിട്ടുണ്ടാവും ചന്തകളില്‍

തീരത്തു വീര്‍ത്തടിഞ്ഞീട്ടുണ്ടാവും

തിരിച്ചറിയാതെ....

വിതുമ്പിക്കരഞ്ഞൂ അമ്മമാര്

‍പെറ്റവര്‍ക്കറിയാം നൊമ്പരം

പെണ്ണൊരുത്തി പടിയിറങ്ങിപ്പോയതിന്റെ..

ഷൈലജ,നഫീസ,....

കാണാതയതല്ല

കണ്ടവരെയാണത്രെകാണാതായതു

Friday, November 19, 2010

പ്രവാസം-ഹാരിസ്‌ എടവണ്ണ

ഋതുക്കൾ മറന്നുപോയ

താഴ്വാരങ്ങളിലാണു

ഓരോ പ്രവാസിയുടെ വീടും

പൂക്കളില്ലാത്ത ഉദ്യാനങ്ങളിൽ

അവരുടെ മക്കൾപറന്നു നടക്കുന്നുണ്ടാവും

പാവടക്കു നീളം വെക്കുന്നതുമാത്രമറിയുന്നവർ

ഷോപ്പിംങ്ങ് മാളുകളിൽ

പുത്തനുടുപ്പുകൾതിരഞ്ഞു നടക്കുന്നു

ഓരോവിളിയിലുംപ്രണയം

പ്രാർത്ഥിക്കുമ്പോലെപറയും

ജീവിതത്തെ കൂട്ടി തിരികേ വരാൻ,

കണക്കിൽ പിഴച്ചവർ

ഇന്നലകളെ പഴിച്ച്

ശലഭങ്ങളെ സ്വപ്നം കണ്ടുറങ്ങും

നിറങ്ങളൊക്കെ കറുത്തുപോകുമ്പോൾ

ശലഭങ്ങൾ പറന്നുപോകുമ്പോൾ

വീടകങ്ങളിലേക്കു തിരിച്ചെത്തുന്നു

എണ്ണയില്ലാതെ കത്തിതീർന്നൊരുവിളക്കുപോലെ

ഇരുട്ടുപുതച്ചുറങ്ങിപ്പോയജീവിതം

അവരോഹണക്രമത്തിലെണ്ണിത്തീർന്നുപോയ

സംഖ്യയല്ലേപ്രണയമെന്നു ചോദിക്കും

രാജ്യം- കുഴൂര്‍ വിത്സണ്‍

പത്ത്മുപ്പത്
സംസ്ഥാനങ്ങളുള്ള
ഒരു രാജ്യമായിരുന്നു
എന്റെ സ്കൂള്‍

ഓരോന്നിലും
ഓരോഭാഷ
ഭാവവും

ഞങ്ങളുടെ ടാപ്പ്
ഞങ്ങളുടെ ടീച്ചര്‍
ഞങ്ങളുടെ ഡെസ്റ്റര്‍
ഞങ്ങളുടെ നാടകം

എട്ട് ബിയിലെ സിന്ധു
ഒമ്പത് എയിലെ പ്രവീണ്‍
മാഷുമാര്‍ പലപ്പോഴും
റിപ്പോര്‍ട്ടര്‍മാരായി
ടീച്ചര്‍മാര്‍ താരതമ്യപഠനം
നടത്തുന്ന നിരൂപകരും

എങ്കിലോ
ഫുട്ബോള്‍ മത്സരങ്ങളിലും
യുവജനോത്സവങ്ങളിലും
ഞങ്ങളുടെ രാജ്യം വരണമേയെന്ന്‌
ഒരു രാജ്യത്തെ പ്രജകള്‍
ഒരുമിച്ച് പ്രാര്‍‌ത്ഥിച്ചു

കുറ്റവാളികള്‍
അസംബ്ലിഗ്രൌണ്ടില്‍
വെയിലത്ത്
മുട്ടുകുത്തി

ഒരുദിവസം
ഒറ്റ കൂട്ടമണിയോടെ
ഒരു സാമ്രാജ്യം
അപ്രത്യക്ഷമായി.

ശേഷം-ആര്യാ ഗോപി

തീമഴപ്പെയ്തിനു ശേഷം
വസന്തം തിരികെ വരും
വറുതിയുടെ കൊടും വേനല്‍ കഴിഞ്ഞ്
മഴക്കൂണുകള്‍ പൊട്ടിമുളയ്ക്കും
പ്രളയക്കൊടുങ്കാറ്റ് വീശുമ്പോഴും
അണയാത്ത തിരികള്‍
ഞാന്‍ നെഞ്ചില്‍ കൊണ്ടുനടക്കും
മഞ്ഞുകാലത്തിന്റെ
മൂടുപടമഴിച്ച്
പച്ചിലകള്‍
ആനന്ദനൃത്തം ചവിട്ടുമ്പോള്‍
എന്റെ പാദസരങ്ങള്‍
ഞാനവര്‍ക്കു
ദാനം കൊടുക്കും

അന്നത്തെ ഏകാന്തത - സത്യചന്ദ്രന്‍ പൊയില്‍ക്കാവ്

ലിംഗദൌത്യങ്ങളറിയാതെ നാട്ടുമാവിനു ചുവട്ടില്‍
അച്ഛനുമമ്മയും കളിച്ചിരുന്നു പണ്ടു നമ്മള്‍

ഒരു ചിരട്ട വലിച്ചെറിഞ്ഞ്
ഒറ്റമുലച്ചിയായി നിന്നിരുന്നു
അടിവസ്ത്രങ്ങളിലന്ന്
ആകാശത്തിന്
നീലനിറമായിരുന്നന്ന്
കായലും കയറും കണ്ട്
എത്രവൈകിയാണന്ന്
നിന്റെ അച്ഛനുമമ്മയും വന്നത്
എന്നിട്ടും
ചീത്തയായില്ല നാം
അന്നത്തെ ഏകാന്തതയില്‍

ചിതല്‍‌-ബിന്ദു ചാഴൂര്‍‌

വിരലുകളാല്‍‌
എനിക്ക് ചെയ്യാനാകാത്തതാണ്
ശരീരം കൊണ്ട്
നീ ചെയ്തു മുഴുമിപ്പിച്ചത്.

ജന്മം മുഴുവന്‍
നീയെഴുതിക്കൊണ്ടേയിരുന്നു.
വളഞ്ഞും പുളഞ്ഞും
സാദ്ധ്യമായ എല്ലാ കാന്‍‌വാസിലും.

നീ പ്രണയിക്കുന്നതിങ്ങനെയാണോ?
പതിയെ പതിയെ പടര്‍ന്നു പടര്‍ന്ന്
ഓരോ ഇഞ്ചിനെയുമാശ്ലേഷിക്കുന്ന
ഈ മണ്‍ ഞെരമ്പിനാല്‍‌?

ഒരക്ഷരവും നീ നിര്‍മ്മിച്ചില്ല.
എന്നിട്ടും
വായിക്കാനാവുന്നുണ്ടെനിക്ക്,
നീ പരത്തിയെഴുതിയ
ഈ മണ്‍ലിപികള്‍‌‌

വെളിപ്പെട്ടുപോയേനെ

വിരലില്‍
ചുറ്റിയ മുടിച്ചുരുള്
അരണമരത്തിന്റെ
ചോട്ടിലേക്ക്
ഊര്‍ത്തിക്കളഞ്ഞിട്ട്
മേളിലത്തെ ക്ലാസിലേക്ക്
കണ്ണെറിയാന്നേരമാണ്‌

കൊടത്തീന്ന്
കമത്തും പോല്‍ വീണ്
പണ്ടാരം മഴ
അവളുടെ വിടരുന്ന നോട്ടത്തെ
തല്ലിക്കൊഴിച്ചുകളഞ്ഞത്

അല്ലെങ്കില്‍
അടപ്പില്ലാത്ത ജനല്‍ കടന്ന്
അവളുടെ കണ്മുന എന്റെ
കൂമ്പില്‍ വന്ന് തറച്ചേനെ

ഇവിടെ നോക്കെന്ന്
മൂളിപ്പറഞ്ഞ്
ചെന്നിയില്‍ വന്നിടിച്ച്
ചോക്കുകഷണം
തവിടുപൊടിയായേനെ

മഴയിലെന്താ
ഇത്ര കാണാനെന്ന് വെറഞ്ഞ്
മേപ്പുറത്തലച്ചുവീണ്
ചെവിക്കല്ലുപൊട്ടിച്ച്
ചൂരല്‍ ഉരഗമായേനെ

എന്നിട്ടും മതിവരാ‍തെ

തള്ളവെരലിനെ
കൂട്ടുപിടിച്ച്
എന്റെ കറുത്തതൊലി
തിരുമിതെന്നിച്ച്
സൈക്കിളുകേറ്റം
പഠിപ്പിച്ചേനെ

നിറഞ്ഞ
കണ്ണില്‍നിന്നൊരു
തുള്ളിയടര്‍ന്ന് ഞാനങ്ങ്
വെളിപ്പെട്ടുപോയേനെ


തുറസ്സ് - വി.ആര്‍.സന്തോഷ്

മരങ്ങള്‍ പറഞ്ഞു
തടിമില്ലുകള്‍ എന്നെ കാത്തിരിക്കുന്നുഎനിക്കു പോകണം.
ഡിസ്റ്റില്ലറികള്‍ നിറയ്ക്കാന്‍ നേരമായി, നദികള്‍ പറഞ്ഞു.
അകലെ എന്നെക്കാത്ത് ആശുപത്രികളുടെയും
സ്വാശ്രയകോളേജുകളുടെയും പണി നടക്കുകയാണ്.
താഴ്വരകള്‍ പറഞ്ഞു.
മനസ്സുമാഞ്ഞു പോയിടത്തേയ്ക്ക് ഞാന്‍ പോകട്ടെ
ഇടവഴികള്‍ പറഞ്ഞു
എനിക്കു പുതിയ ഹൈവേ വരെ പോകണം.
ചെറുജീവികളും പക്ഷികളും പറഞ്ഞു,
ഡിസ്ക്കവറി ചാനലില്‍ ഞങ്ങള്‍ക്കുള്ള നേരമായി.
അങ്ങനെ ഓരോന്ന് അതാതിന്റെ ഇടങ്ങളിലേയ്ക്കു പോയ്

Wednesday, November 17, 2010

സായാഹ്നം

എന്തൊരു ശ്രദ്ധയാണയാള്‍ക്ക്
മുമ്പൊന്നുമില്ലാത്ത സൂക്ഷ്മത
നരച്ചു വിളര്‍ത്ത ഓരോ മുടിയിഴയും
ഒന്ന് പോലും വിടാതെ
അതിന്റെ സ്വാഭാവികവും
നിഷ്കളങ്കവുമായ
വെള്ളിത്തിളക്കങ്ങള്‍
കെടുത്തിക്കൊണ്ട്
ബ്രഷിന്റെ ആയിരം നാവുകള്‍
കറുത്ത മൊഴിയില്‍
വാചാലമായി
എന്തൊരു ശ്രദ്ധയാണയാള്‍ക്ക്
മുമ്പൊന്നുമില്ലാത്ത സൂക്ഷ്മത
കറുപ്പ്
അയാളൊരിക്കലും
ഇഷ്ട്ടപ്പെട്ടില്ല.
കൂരിരുട്ടിന്റെ
അപാരമായ ഒറ്റപ്പെടല്‍
അയാളുടെ
ഹൃദയത്തെ മൂടുന്നു.
മുടിയില്‍ കറുപ്പ്
വരഞ്ഞു നിറയുമ്പോഴും
വെളുപ്പിന്റെ
തീരാത്ത നൈര്‍മല്യം
അയാളെ ഭയപ്പെടുത്തി.
ചെറുപ്പങ്ങള്‍ വളഞ്ഞിട്ട്
വാര്‍ദ്ധക്ക്യത്തെ
കുത്തി മുറിപ്പെടുത്തി.
കളിചിരികളില്‍ നിന്നും
ഉത്സാഹത്തില്‍ നിന്നും
തള്ളിയിട്ടു.
സ്മൃതികളുടെ
ഒടുങ്ങാത്ത ചാലുകള്‍
നീര്‍ വറ്റി.
ഉണങ്ങിയ ചുണ്ടുകള്‍
പുഞ്ചിരിക്കു വഴങ്ങാതായി.
വാഴ്വിന്റെ ഒരു കൂട്ടത്തിലും
അയാള്‍ക്കിടമില്ല.
'അന്തി ചായുന്നു.'
പ്രകാശത്തിന്റെ
അവസാന ശ്വാസവും
നിലച്ചു.
അസ്തമിക്കാത്ത-
രാത്രികളുടെ തോഴാ,
ഇരുള്‍ മേഘങ്ങളുടെ
ഏകാന്ത കൂടീരത്തില്‍
നിനക്കൊരിടമുണ്ട്,
നിന്റെ മാത്രം

-ഇ.എസ്.സതീശന്‍


മേഘം

മഴത്തുള്ളികളെ സ്വന്തമാക്കി
ആകാശം പകുത്തു നല്‍കിയും
നിഴലെന്റേതെന്നോര്‍ക്കാതെ
ഊടുവഴികള്‍ നിനക്കേകിയും
ചിലങ്കയിലുതിര്‍ത്ത മൗനത്തെ
ഏകാന്ത സ്വപ്നങ്ങള്‍ക്ക്
പകര്‍ന്നേകി ഞാന്‍...!
യാത്ര, പാതിയുലുപേക്ഷിച്ച്
ഒരുപിടി മണ്‍തരി
ഓര്‍മ്മയില്‍ സൂക്ഷിച്ച്
നീളുന്ന കാല്പ്പാടുകള്‍
മറഞ്ഞുപോകും വരെ
ഈ വെയിലസ്തമിച്ച ചുവന്ന മണ്ണില്‍
വെളുത്ത പുഷ്പങ്ങള്‍ കൊരുത്ത നാളേയ്ക്കായ്
ഒരു തിരിനാളം മങ്ങിത്തെളിയും പോലെ
തുടരും...കാത്തിരിപ്പ്..!!


ശ്രീജയ

അവസ്ഥാന്തരം

വലയ്ക്കിരുവശവും, അകവും പുറവുമെല്ലാം
ജലസമൃദ്ധം........!
അപ്പോള്‍പ്പിന്നെ അതൊരു തടവറയാകുന്നതെങ്ങനെ...?
ആദ്യമവനൊന്നു ശങ്കിച്ചുവെങ്കിലും
ചെകിളകുടഞ്ഞ്‌ ആശങ്കകള്‍ ചീറ്റിയെറിഞ്ഞു..
പുലര്‍ച്ചെ സ്വപ്നത്തില്‍ കരയിലൊരു
കറിയടുപ്പ്‌ പുകഞ്ഞുവെന്നത്‌
വെറുമൊരു തോന്നലെന്നവന്‍.................
വലയ്ക്കുള്ളിലെ കടലൊഴുക്കല്‍
തുടിച്ചുനീന്തിയും,
വലക്കണ്ണികളില്‍ മുഖമുരസിയും
പുളഞ്ഞിളകുമ്പോള്‍ വല ദു:ഖത്തോടെ
കുരിശു വരച്ചു പിറുപിറുത്തു;
“ ഓ ദൈവമേ,
ഇവന്‍ മരണത്തോടടുക്കുകയാണ്,
ജീവിതത്തില്‍ നിന്നകലുകയും..”
അബദ്ധസഞ്ചാരത്തിന്റെ അടിപ്പരപ്പില്‍
പല്ലിളിച്ച ജലസസ്യങ്ങള്‍ക്ക്‌ കൊടുത്തു രണ്ട്‌ ഉമ്മ....
ശംഖിലൊളിച്ചുകളിച്ചും, സുല്ലിട്ടും
ആപത്തിന്റെ അന്ത്യവിധികളിലേയ്ക്കടുക്കുമ്പോള്‍
ദയാരഹിതമായ ഒരു വാതില്‍.......
മരണത്തിന്റെ ദശാസന്ധിയില്‍
ഊണുമേശയിലൊടുവിലവന്
ആവി ഉയരുന്ന ഫിഷ് ഫ്രൈയായ്‌ മറുജന്മം.....

-സുനില്‍ പണിക്കര്‍


Sunday, October 10, 2010

പണ്ടത്തെയോര്‍മ്മയുണര്‍ത്തുമപ്പാട്ടുകള്‍..കെ . ആര്‍ മീര

ഒ.എന്‍.വി കുറുപ്പിന് ജ്ഞാനപീഠം എന്ന വാര്‍ത്ത കേട്ടപ്പോള്‍ പത്തിരുപത്തഞ്ചു വര്‍ഷമായി പൊടിപിടിച്ചു കിടന്ന പഴയൊരു പുസ്തകത്തിന്റെ താളുകള്‍ ഇളകുന്നതുപോലെ തോന്നി. ജീവിതത്തിന്റെ പുസ്തകം. ഇരുപതിലേറെ വര്‍ഷങ്ങള്‍. അക്കാലത്ത് കവിതകള്‍ മന:പാഠം പഠിക്കാമായിരുന്നു. കഥകള്‍ വീണ്ടും വീണ്ടും വായിക്കാമായിരുന്നു. പത്രങ്ങളില്‍ വരുന്നതു കണ്ണുമടച്ചു വിശ്വസിക്കാമായിരുന്നു. പച്ചവെള്ളം തിളപ്പിക്കാതെ കുടിക്കുകയും ചെരിപ്പിടാതെ നടക്കുകയും ചെയ്യാമായിരുന്നു. അക്കാലം ഭൂമിക്കു മൊത്തമായി ഒരു നിഷ്‌കളങ്കതയുണ്ടായിരുന്നു. നിഷ്‌കളങ്കതയെപ്പറ്റിയുള്ള നഷ്ടബോധത്തെയായിരിക്കാം, ഇംഗ്ലീഷില്‍ നൊസ്റ്റാള്‍ജിയ എന്നു വിളിക്കുന്നത്. കവിതകളുടെ വരികള്‍ പകര്‍ത്തി അയയ്ക്കാന്‍ ആരുമില്ലാതായ കാലത്ത് കവിതാ വായന, വായന മാത്രമായിത്തീര്‍ന്നു. മന:പാഠം പഠിക്കാനുള്ള കഴിവും കയ്യക്ഷരവും കൈമോശം വന്നു. മൊത്തത്തില്‍ ഹൃദയത്തെ ജരാനര ബാധിച്ചു.

സ്‌കൂള്‍ ആനിവേഴ്‌സറിക്കു സമ്മാനമായി കിട്ടിയിരുന്നതു പുസ്തകങ്ങളാണ്. വൈലോപ്പിള്ളിയുടെ കന്നിക്കൊയ്ത്ത്. ഒ.എന്‍.വിയുടെ ഉപ്പ്, കറുത്ത പക്ഷിയുടെ പാട്ട്, എസ്. രമേശന്‍ നായരുടെ മല്‍സ്യഗന്ധി.സുഗതകുമാരിയുടെ കവിതകള്‍ കിട്ടുന്നതു വളരെ പിന്നീടാണ്. കവി ആരായാലും കവിത മന:പാഠമായ ദിവസങ്ങള്‍. റോബര്‍ട്ട് ഫ്രോസ്റ്റിന്റെ രചനാരീതിയാണ് ഒ.എന്‍.വിക്ക് എന്നായിരുന്നു കുട്ടിക്കാലത്തെ നിരീക്ഷണം. ലളിതമായ ഒരു സന്ദര്‍ഭം വിവരിച്ചിട്ട് അവസാനത്തെ നാലു വരിയില്‍ ഒരു തത്വം പ്രഖ്യാപിക്കുക.

അഗ്നിയാണെന്‍ ദേവത, അഗ്നിയുണ്ടെന്‍ നെഞ്ചിലെന്‍
അസ്ഥിയില്‍, ജഠരത്തില്‍, നാഭിയില്‍, സിരകളില്‍ ...

എന്നു തുടങ്ങി

അഗ്നിയെന്നിലെയഗ്നി, എന്‍ മൃതിയിലുമെന്റെ
അക്ഷരങ്ങളിലുണ്ടാം, കടഞ്ഞാലതും കത്തും ...

എന്ന് അവസാനിപ്പിക്കുന്ന രീതി.

കണ്ടു ഞാന്‍ ചിറകാര്‍ന്ന മൃതിയെ, യതിന്‍ നിറം
പണ്ടാരോ പറഞ്ഞതു കറുപ്പെന്നത്രേ കള്ളം

എന്ന വരികളുള്ള കാത്തിരിക്കുന്ന പൊന്‍മ എന്ന കവിതയുടെ സ്വാധീനത്തില്‍ പ്രീഡിഗ്രിക്കാലത്തു ഞാനൊരു കഥയുമെഴുതി - കറുത്ത പൊന്‍മയെക്കാത്ത്...

ഒ.എന്‍.വിയെ നേരില്‍ക്കണ്ടതും കേട്ടതും പ്രീഡിഗ്രിക്കാലത്തുതന്നെ. ശാസ്താംകോട്ടയില്‍ നടത്തിയ കവിയരങ്ങില്‍. ഉണരുണരുകീയുഷ്ണ ശയ്യയില്‍ നിദാഘ ശരശയ്യയില്‍ മയങ്ങും തടാകകന്യേ എന്നു തുടങ്ങുന്ന 'പിന്‍വിളി'. മരിച്ചുകൊണ്ടിരിക്കുന്ന ശാസ്താംകോട്ട കായലിനെക്കുറിച്ചാണ് കവിതയെന്ന് അദ്ദേഹം പറഞ്ഞു. ചൊല്ലിക്കേട്ടപ്പോള്‍ത്തന്നെ പല വരികളും മന:പാഠമായി.

എവിടെ നിന്‍ വെള്ളപ്പളുങ്കു പൂത്തട്ടുകളില്‍ മൊട്ടിട്ട സപ്തവര്‍ണങ്ങള്‍,
എവിടെ നിന്‍ ചൊടികളില്‍ പകലിനഭിവന്ദനം പറയുന്നൊരുദയ മന്ത്രങ്ങള്‍?
എവിടെ നീലാഭ്രമൊരു പീലിത്തഴപ്പുപോല്‍ നിഴലിടും നിന്‍ ദര്‍പ്പണങ്ങള്‍?
എവിടെ വെയിലും നിലാവും മുടിയഴിച്ചിട്ടു മുങ്ങും സുതാര്യ ഹ്രദങ്ങള്‍...

ഇക്കഴിഞ്ഞ വേനലില്‍ ഏക്കറുകളോളം വറ്റിപ്പോയ കായല്‍ കണ്ടപ്പോള്‍ ആ ദിവസമാണ് ഓര്‍മയില്‍ തെളിഞ്ഞത്. സ്‌കൂള്‍ വളപ്പിലെ സ്‌റ്റേജ്, അന്നുവരെ പത്രത്താളുകളില്‍ മാത്രം കണ്ടിട്ടുള്ള കവികള്‍, കവിത ചൊല്ലുന്ന ഒ.എന്‍.വി. എന്ന കവി.

വിഫല തരുണാരുണ സ്വപ്നമേ, സന്തപ്ത
ഹൃദയബാഷ്പത്തിന്‍ തടാകമേ, നീയിന്നു
ചിതല്‍ തിന്ന കവിതയുടെയേടുകളായ് മണല്‍
വിരികളില്‍ വീണു ചിതറുന്നു...

രണ്ടായിരത്തിനാലില്‍, യുവ എഴുത്തുകാരികള്‍ക്കുള്ള ലളിതാംബിക അന്തര്‍ജ്ജനം പുരസ്‌കാരം അറിയിക്കാന്‍ അദ്ദേഹം വിളിച്ചു. അവാര്‍ഡിനേക്കാള്‍ സന്തോഷിപ്പിച്ചത് ഫോണിലൂടെ കേട്ട ആ ശബ്ദമാണ്. അദ്ദേഹത്തെ അടുത്തു പരിചയപ്പെടാന്‍ അവസരമുണ്ടായിട്ടില്ല. മൂന്നോ നാലോ തവണ അഞ്ചു മിനിറ്റിലേറെ നീളാത്ത കൂടിക്കാഴ്ച മാത്രം. എങ്കിലും അടുത്താകട്ടെ, അകലെയാകട്ടെ, കാണുമ്പോഴൊക്കെ കവിതവായനക്കാലമുണരും. ഡിഗ്രിക്കാലം. വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലില്‍ താമസം. അന്നു ഹോസ്റ്റലില്‍ ഒപ്പമുണ്ടായിരുന്ന ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന മലയാളമറിയാത്ത നൂര്‍ജഹാന്‍ എന്ന നിമ്മിച്ചേച്ചിയുടെ സൗഹൃദം. നിമ്മിച്ചേച്ചിക്കു മലയാള കഥകളും കവിതകളും വായിച്ചു വിശദീകരിച്ചു കൊടുക്കുകയായിരുന്നു അക്കാലത്തെ ഏറ്റവും രസകരമായ ജോലി. ഒന്നു രണ്ടു കവിതകള്‍ വായിച്ചു കഴിയുമ്പോള്‍ ഒക്കെ ഞാനെഴുതിയതാണെന്നു തോന്നും. ഇതൊക്കെ ഇവരൊക്കെ നേരത്തെതന്നെ എഴുതിക്കളഞ്ഞല്ലോ എന്നു പരിഭവം തോന്നും. ഓരോ വാക്കിനെക്കുറിച്ചും ഒരു പൊസസീവ്‌നെസ് വരും. ഒ.എന്‍.വിക്കവിതകളായിരുന്നു നിമ്മിച്ചേച്ചിക്ക് താല്‍പര്യം. അങ്ങനെ അദ്ദേഹത്തിന്റെ അന്നുവരെയിറങ്ങിയ എല്ലാ കവിതകളും എനിക്കു മന:പാഠമായി. അതിന്റെ പരിണത ഫലം, കൊച്ചു വര്‍ത്തമാനത്തിനിടയില്‍ 'ഞാന്‍ അങ്ങനെ നിനച്ചു പോയി,' 'പാതയോരത്തുനിന്നു വാങ്ങി', ' പൈപ്പില്‍ പ്രവാഹം ഇല്ല 'എന്നൊക്കെ നിമ്മിച്ചേച്ചി ആത്മാര്‍ഥമായി പ്രയോഗിച്ചു തുടങ്ങിയതാണ്. നിമ്മിച്ചേച്ചിക്കു വേണ്ടി ഒ.എന്‍.വിയുടെ എനിക്കേറ്റവുമിഷ്ടപ്പെട്ട ഗാനങ്ങളും സമാഹരിച്ചു. കൊല്ലം ചിന്നക്കടയിലെ ക്ലോക്ക് ടവറിനു താഴെ അന്നുണ്ടായിരുന്ന ചെറിയ കാസറ്റ് കടയില്‍ ചെന്നു ഗാനങ്ങളുടെ ലിസ്റ്റ് കൊടുത്തു. ഞാനാവശ്യപ്പെട്ട ഗാനങ്ങള്‍ ഇവയായിരുന്നു :

1. നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍...

2. കിളിവാതിലിനരികില്‍ -എന്റെ കിളിവാതിലിനരികില്‍...

3. അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍...

4. നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്നരികില്‍ നിന്നു....

5. ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി...

6. ആ രാത്രി മാഞ്ഞുപോയി...

7. കന്നിപ്പൂങ്കവിളില്‍ തൊട്ടു കടന്നു പോകുവതാരോ...

8. ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന...

9. ചൈത്രം ചായം ചാലിച്ചു, നിന്റെ ചിത്രം വരയ്ക്കുന്നു...

10. വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം ...

11. ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ്...

12. അറിയാത്ത ദൂരത്തിലെങ്ങു നിന്നോ ...

നിമ്മിച്ചേച്ചി ഹൈദരാബാദിലേക്കു സ്ഥലം മാറിപ്പോയപ്പോള്‍ ഞാന്‍ കൊടുത്ത സമ്മാനം ആ കാസറ്റായിരുന്നു. ഞാന്‍ ആവശ്യപ്പെട്ട സ്‌ഫോടനം എന്ന ചിത്രത്തിലെ ഗാനം മാത്രം കടക്കാരന് കിട്ടിയില്ല.

കാര്‍കുഴലില്‍ പൂവു ചൂടിയ കറുത്ത പെണ്ണേ,
വാര്‍തിങ്കള്‍ പൂവു ചൂടിയ കറുത്ത പെണ്ണേ,
ഇതിലേ വാ, തോണി തുഴഞ്ഞിതിലേ വാ,
ഇവിടത്തെ കടവത്തെ കൈത പൂത്തു...

-എന്ന വരികളുള്ള ആ പാട്ടു കേള്‍ക്കാന്‍ എനിക്കിപ്പോഴും ആഗ്രഹം തോന്നാറുണ്ട്. ടിവിയില്‍ സാധാരണ കേള്‍ക്കാത്ത പാട്ടുകളിലൊന്ന്
ഇന്നും ഏറ്റവുമിഷ്ടപ്പെട്ട ഗാനങ്ങള്‍ തിരഞ്ഞെടുത്താല്‍ ഈ ഗാനങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു സാധിക്കുകയില്ല. ഒരുപക്ഷേ ഒ.എന്‍.വിയുടെ പഴയ കുറേ ഗാനങ്ങള്‍കൂടി ആ പട്ടികയില്‍ സ്ഥാനം പിടിച്ചെന്നും വരും. എന്തുകൊണ്ടാണ്, പുതുതലമുറയില്‍നിന്ന് അത്തരം കവിതകളും ഗാനങ്ങളും ഉണ്ടാകാത്തത്? വായനക്കാര്‍ക്കും ശ്രോതാക്കള്‍ക്കു വയസ്സായതുകൊണ്ടാകുമോ? അതോ, തൊണ്ണൂറുകള്‍ക്കു ശേഷം കവികള്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ അപചയമുണ്ടായിട്ടുണ്ടോ? അടിയന്തരാവസ്ഥ എഴുത്തുകാരെയും കലാകാരന്‍മാരെയും ഊതിക്കത്തിക്കുകയാണു ചെയ്തതെങ്കില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച നമ്മളെയൊക്കെ കെടുത്തിക്കളയുകയായിരുന്നോ? ചരിത്രത്തിന്റെ ഏത് ഉരുള്‍പൊട്ടലിലാണ് മലയാളിയുടെ ധിഷണാലോകം ഫോസിലൈസേഷന്‍ ആരംഭിച്ചത്? ഒ.എന്‍.വിക്കു ജ്ഞാനപീഠം കിട്ടുമ്പോള്‍ മലയാള കവിതയെത്ര മാറിപ്പോയി. രണ്ടായിരത്തിയൊന്നില്‍ അദ്ദേഹം എഴുതിയ പാവം കുയില്‍ എന്ന കവിത തന്നെക്കുറിച്ചു തന്നെയാകണം:

പുഴുക്കുത്തേല്‍ക്കാത്തൊരു പൂപോലുമില്ലാക്കാലം!
ഉറക്കുത്തേല്‍ക്കാത്തൊരു ധാന്യവുമില്ലാക്കാലം!
കാലത്തെയറിയാത്ത കുയിലേ, നീയെന്തിനെ-
ന്നാളുമിങ്ങനെ നീട്ടിക്കുറുക്കിപ്പാടീടുന്നു?
മറ്റൊരു വിധം പാടാനിറിയില്ലാവില്ലെന്നൊ
രുത്തരം പറയുംപോല്‍ കുയില്‍ പാടുന്നൂ വീണ്ടും !

കവിത മാറ്റി വച്ചു കവിയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ എന്നെ അദ്ഭുതപ്പെടുത്തുന്നത് മറ്റൊന്നാണ്. ഇത്രയേറെ നിഷ്ഠാബദ്ധനായൊരാള്‍ എങ്ങനെ കവിയായി തുടരുന്നു? വേഷത്തിലോ ശബ്ദത്തിലോ വാക്കുകളിലോ അലങ്കോലങ്ങളില്ല. മുഷിഞ്ഞ വസ്ത്രത്തോടെയോ മദ്യപിച്ചുന്‍മത്തനായ സ്ഥിതിയിലോ അദ്ദേഹത്തെ സങ്കല്‍പ്പിക്കുക അസാധ്യം. കവിയുടേതല്ല, അധ്യാപകന്റേതാണ് അദ്ദേഹത്തിന്റെ പ്രതിച്ഛായ. അന്തസ്സാണ് തന്റെ അന്ത:സത്ത എന്നു പ്രഖ്യാപിക്കുന്ന ഇരിപ്പും നടപ്പും ഉച്ചാരണവും. ഏറ്റവും കൂടുതല്‍ ഇംഗ്ലീഷ് സംസാരിക്കുന്ന മലയാളം അധ്യാപകനും ഒരുപക്ഷേ അദ്ദേഹമായിരിക്കണം. ജ്ഞാനപീഠം പ്രഖ്യാപിച്ചപ്പോള്‍ വളരെ അകലെ നിന്നു പോലും പഴയ വിദ്യാര്‍ഥികള്‍ വിളിച്ച് സന്തോഷത്തോടെ കരയുകയായിരുന്നു എന്ന് അദ്ദേഹം ഇന്റര്‍വ്യൂവില്‍ പറഞ്ഞു കേട്ടു. അദ്ഭുതമില്ല. വിദ്യാര്‍ഥികളില്‍ അദ്ദേഹം ഏല്‍പ്പിച്ച പ്രഭാവം അത്രയേറെയുണ്ട്. ഒ.എന്‍.വിയുടെ ശിഷ്യനാണു കവി വി. മധുസൂദനന്‍നായര്‍. ഒരിക്കല്‍, ഞങ്ങളോട് അതിഗൗരവത്തില്‍ സംസാരിച്ചു കൊണ്ടിരിക്കെ, മധു സാര്‍, ഒ.എന്‍.വി. സാറിന്റെ ഫോണ്‍കോള്‍ വന്നപ്പോള്‍ സ്വയമറിയാതെ എഴുന്നേറ്റു നിന്നു വിനയാന്വിതനായതു മറക്കാന്‍ കഴിയില്ല. ഈ പ്രായത്തിലും മധു സാര്‍ ഒ.എന്‍.വി. സാറിനു മുന്നില്‍ വിദ്യാര്‍ഥിയായിത്തീരുന്ന കാഴ്ച കൗതുകകരമാണ്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ അഞ്ചു വര്‍ഷം തുടര്‍ച്ചയായി ഒ.എന്‍.വിയുടെ ശിഷ്യനായിരുന്നു കഥാകൃത്ത് ഡോ. എസ്.വി. വേണുഗോപന്‍നായര്‍. അറുപതുകളില്‍, ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസിലാണ് ഒ.എന്‍.വി. സാര്‍ അദ്ദേഹത്തിന്റെ അധ്യാപകനായത്. അറുപതുകളില്‍ യൂണിവേഴ്‌സിറ്റി കോളജിനു സമീപത്തെ വാടകവീട്ടില്‍ നിന്നു കൃത്യസമയത്തു ക്ലാസിലെത്തുന്ന യുവാവായ അധ്യാപകനെ സങ്കല്‍പ്പിക്കുക രസകരമാണ്. വിപ്ലവകവിയായി പേരെടുത്തു കഴിഞ്ഞിരിക്കുന്നു. വിസ്മയത്തോടെ സ്വീകരിക്കപ്പെടുകയും ക്രമേണ വിസ്മയവും അപരിചിതത്വവും മാഞ്ഞു പോകുകയും ചെയ്യുകയാണു മിക്കവാറും അധ്യാപകരുടെ കാര്യത്തില്‍ സംഭവിക്കുന്നത്. പോകെപ്പോകെ, ഓ, ഇയാള്‍ ഇത്രയേയുള്ളോ എന്നു വിദ്യാര്‍ഥികള്‍ക്കു തോന്നിയെന്നും വരാം. പക്ഷേ നാടക, സിനിമാപ്പാട്ട് കക്ഷിയെന്ന മുന്‍വിധിയോടെ ഒ.എന്‍.വിയുടെ ക്ലാസിലിരിക്കാന്‍ ഒരു വിദ്യാര്‍ഥിക്കും കഴിഞ്ഞിട്ടില്ല. അതാണ് ഒ.എന്‍.വി.കുറുപ്പ് എന്ന അധ്യാപകന്റെ സവിശേഷത. പ്രിന്‍സിപ്പലായി റിട്ടയര്‍ ചെയ്യുകയും സാഹിത്യ സദസ്സുകളില്‍ അടുത്തിടപഴകുകയും ചെയ്തിട്ടും പതിറ്റാണ്ടുകള്‍ക്കു ശേഷവും വേണു സാറിനെപ്പോലെയുള്ള ശിഷ്യര്‍ക്കു പോലും അധൃഷ്യത എന്ന ഗുണത്തിന്റെ മൂര്‍ത്തരൂപമായി അദ്ദേഹം തുടരുന്നതിന്റെ രഹസ്യമെന്താവാം? ഒ.എന്‍.വി. ക്ലാസിനെക്കുറിച്ചു വര്‍ണിക്കാന്‍ ഒ.എന്‍.വിക്കവിതയിലെ തന്നെ ''ഇന്നതിന്‍ ധൂപസുഗന്ധമാണോര്‍മകള്‍ '' എന്ന വരികളാണ് വേണുസാര്‍ ഉദ്ധരിക്കാറ്. വേണുസാറിന്റെ വിവരണം ഇങ്ങനെ :

ക്ലാസില്‍ ഒ.എന്‍.വി സാര്‍ വന്നു കയറിക്കഴിഞ്ഞാല്‍ ഒരു കത്തിപ്പടരലാണ്. വാചാടോപമില്ല. വളരെ ഗൗരവത്തില്‍ മനോഹരമായി വിഷയം അവതരിപ്പിക്കും. ശബ്ദമുണ്ടാക്കാനോ തമാശ പറയാനോ ഏറ്റവും ചട്ടമ്പികളായ വിദ്യാര്‍ഥികള്‍ പോലും ധൈര്യപ്പെടുകയില്ല. എന്നെക്കാള്‍ വളരെ സീനിയര്‍ ആയ പദ്മകുമാരി ടീച്ചര്‍ പറയാറുണ്ട് - 'നമുക്ക് ആരോടും എന്തും പറയാം. എന്‍. കൃഷ്ണപിള്ള സാറിനോടു പോലും. പക്ഷേ, ഒ.എന്‍.വി. സാറിനോട് വളരെ ആലോചിച്ചേ സംസാരിക്കാന്‍ കഴിയൂ.' ആദ്യ ക്ലാസില്‍ വിദ്യാര്‍ഥികളുടെ മനസ്സിലുണര്‍ത്തുന്ന അതേ വിചാരങ്ങള്‍ അവസാന ക്ലാസ് വരെ നിലനിര്‍ത്താന്‍ കഴിയുന്ന അധ്യാപകര്‍ അദ്ദേഹത്തെപ്പോലെ അധികം പേരില്ല. മറ്റാരെങ്കിലും പഠിപ്പിച്ചാല്‍ വളരെ വിരസമാകാവുന്ന പാഠഭാഗങ്ങള്‍പോലും അതിമനോഹരമായി അദ്ദേഹം പഠിപ്പിച്ചിരുന്നു. ക്ലാസില്‍ വച്ചു സംശയം ചോദിക്കാന്‍ പോലും ഞങ്ങള്‍ ധൈര്യപ്പെട്ടിരുന്നില്ല.

ഒന്നാം വര്‍ഷ എം.എയ്ക്ക് ഒ.എന്‍.വി സാര്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നത് പ്രാചീന മണിപ്രവാളമാണ്. അതില്‍ ചന്ദ്രോല്‍സവം നിറയെ അശ്ലീലമാണ്. ചന്ദ്രോല്‍സവത്തിന് അഭിസാരികകള്‍ അണിഞ്ഞൊരുങ്ങിയെത്തുന്നതു വിവരിക്കുന്ന കാവ്യത്തിലെ ബിംബങ്ങളും കല്‍പനകളും മനോഹരമാണെങ്കിലും സംഭവം സഭ്യതയുടെ സീമകള്‍ ലംഘിക്കുന്നതാണ്. അത്തരം വര്‍ണനകള്‍ പഠിപ്പിക്കുമ്പോഴും ഒ.എന്‍.വി സാറിന്റെ ഗൗരവം കുറയുകയില്ല. എങ്കിലും അതിനു മുമ്പ് സാറൊന്നു ചെറുതായി ചിരിക്കും. ചിരിക്കുമ്പോള്‍ ഒരു പ്രത്യേകത, സാറിന്റെ രണ്ടു കണ്ണും നിറയും. അദ്ദേഹം ചിരിക്കുകയും ഒപ്പം കണ്ണുനിറയുകയും ചെയ്താല്‍ ഞങ്ങള്‍ക്കറിയാം, വരാന്‍ പോകുന്നതു കഠിനമായതെന്തോ ആണ്...

എം.എ. ക്ലാസില്‍ ഞങ്ങള്‍ പത്തുപതിനഞ്ചു പേരേയുള്ളൂ. അപ്പോഴും അധൃഷ്യത അങ്ങനെ തന്നെയുണ്ട്. എന്തുകൊണ്ടു 'സാറിനോടു നാലു വാചകം അടിച്ചു കൂടാ' എന്നു തോന്നാം. പക്ഷേ, പറ്റില്ല. അരുതെന്നു സാറു വിലക്കിയിട്ടില്ല. പക്ഷേ സാധിക്കുകയില്ല. എങ്കിലും ക്ലാസിലെ ഓരോ വിദ്യാര്‍ഥിയെയും അളന്നു തൂക്കി മനസ്സിലാക്കിയിട്ടുണ്ടെന്ന് പിന്നീട് എനിക്കു മനസ്സിലായി. എന്റെ മഹാഭാഗ്യമെന്നു പറയുന്നത്, ഞാന്‍ പഠിക്കുമ്പോള്‍ മലയാളം ഡിപ്പാര്‍ട്ട്‌മെന്റില്‍ എന്‍. കൃഷ്ണപിള്ള, ഒ.എന്‍.വി. തിരുനല്ലൂര്‍, കെ.എഫ്. ദാനിയല്‍, പാലാ ഗോപാലന്‍ നായര്‍, ആനന്ദക്കുട്ടന്‍ എന്നിവരും ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജി. കുമാരപിള്ള, ഡോ. അയ്യപ്പപ്പണിക്കര്‍, ഹൃദയകുമാരി, ഇന്ദൂചൂഡന്‍, ഇ.പി. നാരായണപിള്ള, ശ്രീനിവാസന്‍ തുടങ്ങിയവരുമായിരുന്നു അധ്യാപകര്‍. ഒരാളും മറ്റെയാളെ ഇകഴ്ത്തുന്ന പതിവുണ്ടായിരുന്നില്ല . എല്ലാവരും പരസ്​പരം ബഹുമാനിച്ചിരുന്നു. ഞങ്ങള്‍ക്കു പിന്നാലെ വന്ന ബാച്ചുകളിലൊന്നില്‍, ദാനിയല്‍ സാറിന്റെ പുസ്തകത്തില്‍ ഒ.എന്‍.വി സാറിനെ വിമര്‍ശിക്കുന്ന ഭാഗം പഠിക്കാനുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. അതിനെപ്പറ്റി ഏതോ വിദ്യാര്‍ഥി ഒ.എന്‍.വി.സാറിനോടു ചോദിച്ചപ്പോള്‍, ദാനിയല്‍ സാറിന് കവിതയെക്കുറിച്ച് അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടുണ്ടാവും എന്നായിരുന്നു ഒ.എന്‍.വി സാറിന്റെ മറുപടി...

വേണു സാറിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ ചിന്തിച്ചത് മറ്റൊന്നാണ് :

പ്രഭാത മണിരഥമെവിടെ, എവിടെ? പ്രകാശസാരഥിയെവിടെ?
മനസ്സില്‍ വാഴും നിഷാദനെയ്‌തൊരു മാന്‍കിടാവുകളെവിടെ ...

എന്ന വരികളൊക്കെ (കത്തി എന്ന സിനിമയ്ക്കു വേണ്ടി എഴുതിയ ബോധി വൃക്ഷദലങ്ങള്‍ കരിഞ്ഞു ബോധനിലാവു മറഞ്ഞു എന്ന ഗാനത്തിലെ) എഴുതിയ കവിയായി ഈ ഗൗരവക്കാരനായ അധ്യാപകന്‍ എങ്ങനെയാണ് ആള്‍മാറാട്ടം നടത്തുന്നത്?

കമ്യൂണിസത്തിനു കേരളത്തിനു വേരു പടര്‍ന്നു തുടങ്ങിയ കാലത്തുതന്നെ അതിന്റെ സഹയാത്രികനായിരുന്നു അദ്ദേഹം. 1949ലെ മധ്യവേനലവധിക്കാലത്ത്, വെയില്‍ വെട്ടിത്തിളയ്ക്കുന്ന ഒരു നട്ടുച്ചയ്ക്ക് അന്ന് ഒളിവില്‍ക്കഴിയുകയായിരുന്ന ശങ്കരനാരായണന്‍തമ്പിയും തോപ്പില്‍ ഭാസിയും തന്റെ തറവാട്ടുമുറ്റത്ത് എത്തിയതിനെക്കുറിച്ച് ഒ.എന്‍.വി. ഇങ്ങനെ എഴുതി :

'' ചവറയിലെയും തേവലക്കരയിലെയും ഉള്‍നാടന്‍ വഴികളില്‍ എത്രയെത്ര ഉറക്കമില്ലാത്ത രാവുകളില്‍ യു.ജി( അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തകന്‍ ) യായ തമ്പിസാറിനെയും കൊണ്ട് ഞാന്‍ ഞാന്‍ - അല്ല, എന്നെയും കൊണ്ടു തമ്പി സാര്‍ എന്നു വേണം പറയാന്‍ - സഞ്ചരിച്ചിരിക്കുന്നു. തിരുത്തിപ്പറഞ്ഞതിനു കാരണമുണ്ട്. സൈക്കിളോടിക്കാന്‍ ശീലിച്ചിട്ടില്ലാത്ത ഞാന്‍ സാറിനൊരു ഭാരമായി പിറകിലിരിക്കുകയായിരുന്നു പതിവ്. സാറിനു പരിചയമില്ലാത്ത നാട്ടിടവഴികളിലൂടെ എന്നെയും പിറകിലിരുത്തി ഷെല്‍ട്ടറില്‍നിന്നു ഷെല്‍ട്ടറിലേക്കുള്ള നീണ്ട യാത്രയ്ക്കിടയില്‍ ചിലപ്പോള്‍ ചില ഇടവേളകളുണ്ടാകും. വാതത്തിന്റെ ഉപദ്രവം മൂലം കാല്‍മുട്ടുകള്‍ വേദനിച്ചിട്ട് ഇനി നടക്കാനും വയ്യ, സൈക്കിളോടിക്കാനും വയ്യ എന്ന അവസ്ഥയില്‍ വല്ല നിഴല്‍പ്പാടിലും ചടഞ്ഞിരിക്കേണ്ടുന്ന ഇടവേള. അപ്പോഴാണു തന്റെ ചെല്ലം തുറന്ന് മുറുക്കാനെടുക്കുംപോലെ അദ്ദേഹം കഥകളുടെയും കവിതാശകലങ്ങളുടെയും പൊതിയഴിക്കുന്നത്.. ''

- അക്കാലത്തെ എത്രയെത്ര അനുഭവങ്ങള്‍ ഇപ്പോഴും കവിതയിലും മനസ്സിലും ഒ.എന്‍.വി. അധൃഷ്യതയോടെ സൂക്ഷിക്കുന്നുണ്ടാകണം. വിപ്ലവകവിയില്‍നിന്നു ഗൃഹസ്ഥകവിയായി പരിണമിച്ചപ്പോഴും ശാര്‍ങ്ഗകപ്പക്ഷികളും ചോറൂണും നിളാതീരത്തു വീണ്ടും അപര്‍ണയും എഴുതി ആര്‍ദ്രതയും താരള്യവും മറ്റേതു കവിയെയും അതിശയിപ്പിക്കും വിധം പകര്‍ന്നു തന്നു. കാല്‍പനിക ഭംഗിയുള്ള കവിതകളും ഐശ്വര്യമുള്ള സ്ത്രീകളും പോയകാലത്തിന്റെ സൗഭാഗ്യങ്ങളാണെന്ന് ഓര്‍മിക്കുന്നത് ഒ.എന്‍.വി. സാറിനെ പത്‌നീസമേതനായി കാണുമ്പോഴാണ്. മാണിക്യവീണയുമായെന്‍ മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളേ എന്ന വരികള്‍ അദ്ദേഹം ഭാര്യയ്ക്കു വേണ്ടിത്തന്നെ എഴുതിയതാകണം. ഒരു ചെറിയ കാര്യത്തില്‍ തീരുമാനമെടുക്കണമെങ്കിലും ഒ.എന്‍. വി. സാര്‍ ഭാര്യയെ വിളിക്കുമെന്ന കഥ ഞാന്‍ കണ്ണടച്ചു വിശ്വസിക്കും. ഒരേ കുടക്കീഴില്‍ ഇരുവരും ജോഡിപ്പൊരുത്തത്തോടെ ജോലിക്കു പുറപ്പെടുന്ന ചിത്രം ആരോ വാക്കുകളാല്‍ മനസ്സില്‍ വരഞ്ഞിട്ടുണ്ട്. ധനുവച്ചപുരം എന്‍.എസ്. കോളജില്‍ ഒരു മീറ്റിങ്ങില്‍ പങ്കെടുത്തിട്ടുള്ള മടക്കയാത്രയെക്കുറിച്ച് ഒരു കഥ ഇങ്ങനെ : യൂണിവേഴ്‌സിറ്റി ലൈബ്രറിയുടെ അടുത്തെത്തിയപ്പോള്‍ ഒ.എന്‍.വി. സാര്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. നോ പാര്‍ക്കിങ് ഏരിയയായതു കൊണ്ട് ഡ്രൈവര്‍ നിര്‍ത്തിയില്ല. ഒ.എന്‍.വി. സാര്‍ ക്ഷുഭിതനായി. കാര്‍ നിര്‍ത്തിയതും അദ്ദേഹം ചാടിയിറങ്ങി പിന്നിലേക്ക് ഒറ്റപ്പോക്ക്. കാറിലുണ്ടായിരുന്ന മറ്റു പ്രസംഗകര്‍ നോക്കുമ്പോള്‍ ഭാര്യയോടു സംസാരിച്ചു നടന്നു വരികയാണ് ഒ.എന്‍.വി. ജോലി കഴിഞ്ഞു വീട്ടിലേക്കു നടക്കുകയായിരുന്ന ഭാര്യയെ കണ്ട് ചാടിയിറങ്ങിയതാണ് എന്ന് അപ്പോഴേ മറ്റുള്ളവര്‍ക്കു വ്യക്തമായുള്ളൂ. ബാക്കി ദൂരം അദ്ദേഹം ഭാര്യയോടൊപ്പം നടന്നു പോയി.

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
എന്നോമലുറക്കമായ്, ഉണര്‍ത്തരുതേ..
ഒന്നിനി തിരി താഴ്ത്തൂ, ശാരദ നിലാവേ
ഈ കണ്ണിലെ കിനാവുകള്‍ കെടുത്തരുതേ..

- എന്ന വരികളിലെ അതേ താരള്യം !

ഒ.എന്‍.വി കുറുപ്പ് എന്ന വ്യക്തിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം കുടുംബം തന്നെയായിരിക്കും. വിശേഷിച്ചും കൊച്ചുമകള്‍ അപര്‍ണ. ഒരു ചാനലിലെ പ്രൊഡ്യൂസറായ സുഹൃത്ത് വിവരിച്ച സംഭവമുണ്ട്. ചാനലിലേക്ക് പല പരിപാടികള്‍ക്കും ഒ.എന്‍.വി. സാറിനെ ക്ഷണിക്കും. അദ്ദേഹം കേട്ടപാടെ നിരസിക്കും. അവസാനം, ദേവരാജന്‍ മാസ്റ്ററുടെ ഓര്‍മ ദിനത്തിലെ പരിപാടിക്ക് പ്രൊഡ്യൂസര്‍ ഒരു പൊടിക്കൈ പ്രയോഗിച്ചു.- സാറിനെ ഞാന്‍ ക്ഷണിക്കുന്നില്ല. പക്ഷേ, സാറെഴുതി ദേവരാജന്‍ മാഷ് ട്യൂണ്‍ ചെയ്ത ഗാനങ്ങള്‍ അപര്‍ണ പാടിയാല്‍ നന്നായിരിക്കും. അതുകൊണ്ട് അപര്‍ണയെ പങ്കെടുപ്പിക്കാമോ? ഒ.എന്‍.വി സാര്‍ ഒരു മാത്ര നിശ്ശബ്ദനായത്രേ: അപര്‍ണയെ കൊണ്ടുവരാന്‍ രാജീവ് ഇവിടെയില്ല. സാരമില്ല, ഞാനും വരാം. അനാരോഗ്യം അവഗണിച്ച് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തു. കുറച്ചു കഴിഞ്ഞ്, എന്നാല്‍ ഇനി എനിക്കു പോകാമല്ലോ എന്നു പറഞ്ഞ് എഴുന്നേറ്റപ്പോള്‍ കുബുദ്ധിയായ പ്രൊഡ്യൂസര്‍ വീണ്ടും ഇടപെട്ടു : സാര്‍, ഈ പരിപാടി അവസാനിപ്പിക്കുന്നതും അപര്‍ണയുടെ പാട്ടോടെയാണ്. പോകാനെഴുന്നേറ്റ ഒ.എന്‍.വി. സാര്‍ വീണ്ടും ഇരുന്നു. അദ്ദേഹം പങ്കെടുത്ത ആ പരിപാടി അവര്‍ രണ്ട് എപ്പിസോഡുകളായി സംപ്രേഷണം ചെയ്യുകയും ചെയ്തു.

ഒരുപക്ഷേ, മലയാളത്തിലെ ഏറ്റവും ഭാഗ്യവതിയായ പേരക്കുട്ടിയായിരിക്കും അപര്‍ണ.

അക്കരെപ്പോകും മുമ്പീ ഭണഭാരത്തില്‍നിന്നൊ-
രല്‍പമെങ്കിലുമിളവേകുവാന്‍ ദയാലോലം
കിളി തന്‍ കഴല്‍ താങ്ങാനാവാത്ത പുഷ്പം പോലാം
കിളുന്നു കരം നീട്ടി വന്നൊരീയതിഥിയെ
അപര്‍ണയെന്നല്ലാതെ മറ്റെന്തു വിളിക്കുവാന്‍
സുപര്‍ണമായ് നമ്മുടെയീ വംശ വൃക്ഷം വീണ്ടും

-എന്ന് എഴുതാന്‍ മറ്റൊരു മുത്തച്ഛന്‍ മലയാളത്തിലുണ്ടോ?

അടുത്ത ദിവസങ്ങളിലൊന്നില്‍ എന്റെ മകള്‍ അവളുടെ യു.എസ്.ബിയില്‍ കോപ്പി ചെയ്തു വച്ച പാട്ടുകള്‍ കേള്‍ക്കാനിടയായി. അവയിലൊന്ന്, അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. എന്താ ഈ പാട്ട് എന്നു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു, അതിലെ വരികളും അതിന്റെ ട്യൂണും തമ്മില്‍ എന്തൊരു ചേര്‍ച്ചയാണ്... ആ ഗാനത്തിലെ 'അരികില്‍' എന്ന വാക്കിന് ഈണമിടാന്‍ ദേവരാജന്‍ മാസ്റ്റര്‍ ബുദ്ധിമുട്ടിയ കഥ ഞാന്‍ അവളോടു പറഞ്ഞു. അതെഴുതിയ കവി ഉള്ളിന്റെയുള്ളില്‍ സംഗീതജ്ഞനായിരുന്നു. അതിന് ഈണമിട്ട സംഗീതസംവിധായകന്‍ ഉള്ളിന്റെയുള്ളില്‍ കവിയും. അവരുടെയൊക്കെ കാലം കഴിഞ്ഞുപോയിരിക്കുന്നു.

ഈ ലേഖനം അവസാനിപ്പിക്കാന്‍ ഒ.എന്‍.വിയുടെ സ്വനഗ്രാഹികള്‍ എന്ന കവിതയിലെ ഈ വരികളാണ് നല്ലത് :

...കളിത്തോഴീ, നീയന്നു
നിന്‍ നെഞ്ചു മുള്ളിന്‍മുനയിലുടക്കീട്ട്
നൊന്തുപാടുന്നൊരു രാപ്പാടിയായ്! നിന്റെ
കണ്ഠമിടറിയെന്നാകിലും പാടി നീ
പണ്ടത്തെയോര്‍മയുണര്‍ത്തുമപ്പാട്ടുകള്‍ !