പത്ത്മുപ്പത്
സംസ്ഥാനങ്ങളുള്ള
ഒരു രാജ്യമായിരുന്നു
എന്റെ സ്കൂള്‍
ഓരോന്നിലും
ഓരോഭാഷ
ഭാവവും
ഞങ്ങളുടെ ടാപ്പ്
ഞങ്ങളുടെ ടീച്ചര്‍
ഞങ്ങളുടെ ഡെസ്റ്റര്‍
ഞങ്ങളുടെ നാടകം
എട്ട് ബിയിലെ സിന്ധു
ഒമ്പത് എയിലെ പ്രവീണ്‍
മാഷുമാര്‍ പലപ്പോഴും
റിപ്പോര്‍ട്ടര്‍മാരായി
ടീച്ചര്‍മാര്‍ താരതമ്യപഠനം
നടത്തുന്ന നിരൂപകരും
എങ്കിലോ
ഫുട്ബോള്‍ മത്സരങ്ങളിലും
യുവജനോത്സവങ്ങളിലും
ഞങ്ങളുടെ രാജ്യം വരണമേയെന്ന്
ഒരു രാജ്യത്തെ പ്രജകള്‍
ഒരുമിച്ച് പ്രാര്‍ത്ഥിച്ചു
കുറ്റവാളികള്‍
അസംബ്ലിഗ്രൌണ്ടില്‍
വെയിലത്ത്
മുട്ടുകുത്തി
ഒരുദിവസം
ഒറ്റ കൂട്ടമണിയോടെ
ഒരു സാമ്രാജ്യം
അപ്രത്യക്ഷമായി.
No comments:
Post a Comment