ജലസമൃദ്ധം........!
അപ്പോള്‍പ്പിന്നെ അതൊരു തടവറയാകുന്നതെങ്ങനെ...?
ആദ്യമവനൊന്നു ശങ്കിച്ചുവെങ്കിലും
ചെകിളകുടഞ്ഞ് ആശങ്കകള്‍ ചീറ്റിയെറിഞ്ഞു..
പുലര്‍ച്ചെ സ്വപ്നത്തില്‍ കരയിലൊരു
കറിയടുപ്പ് പുകഞ്ഞുവെന്നത്
വെറുമൊരു തോന്നലെന്നവന്‍.................
വലയ്ക്കുള്ളിലെ കടലൊഴുക്കല്‍
തുടിച്ചുനീന്തിയും,
വലക്കണ്ണികളില്‍ മുഖമുരസിയും
പുളഞ്ഞിളകുമ്പോള്‍ വല ദു:ഖത്തോടെ
കുരിശു വരച്ചു പിറുപിറുത്തു;
“ ഓ ദൈവമേ,
ഇവന്‍ മരണത്തോടടുക്കുകയാണ്,
ജീവിതത്തില്‍ നിന്നകലുകയും..”
അബദ്ധസഞ്ചാരത്തിന്റെ അടിപ്പരപ്പില്‍
പല്ലിളിച്ച ജലസസ്യങ്ങള്‍ക്ക് കൊടുത്തു രണ്ട് ഉമ്മ....
ശംഖിലൊളിച്ചുകളിച്ചും, സുല്ലിട്ടും
ആപത്തിന്റെ അന്ത്യവിധികളിലേയ്ക്കടുക്കുമ്പോള്‍
ദയാരഹിതമായ ഒരു വാതില്‍.......
മരണത്തിന്റെ ദശാസന്ധിയില്‍
ഊണുമേശയിലൊടുവിലവന്
ആവി ഉയരുന്ന ഫിഷ് ഫ്രൈയായ് മറുജന്മം.....
-സുനില്‍ പണിക്കര്‍
No comments:
Post a Comment